സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല
ലഹോര്‍:: വിദഗ്ദ്ധ ചികിത്സക്കായി സരബ്ജിത്ത് സിംഗിനെ വിദേശത്തേക്ക് കൊണ്ടുപോകില്ല. ഗുരുതരാവസ്ഥായില്‍ തുടരുന്ന സരബ്ജിത്തിനെ വിദഗ്ദ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിച്ച നാലംഗ സമിതിയാണ് ചികിത്സക്കായി സരബ്ജിത്തിനെ വിദേശത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചത്.വിദേശത്ത് ചികിത്സ നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നുപാകിസ്ഥാന് ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സരബ്ജിത്ത് സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിക്കണമെന്ന്കുടുംബാംഗങ്ങള്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. സരബ്ജിത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി.
സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനില്‍ എത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ ജിന്ന ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സരബ്ജിത്തിനെ ഉടന്‍ വിദഗ്ദ ചികിത്സയ്ക്കായ് രാജ്യത്തേയ്ക്ക് മാറ്റണമെന്നാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം ഭാര്യ ഗുര്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഈയവസ്ഥയില്‍ ഒരുമാറ്റം സാധ്യമല്ലെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സരബ്ജിത്തിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രയാസമാണെന്നും അദ്ദേഹം കടുത്ത കോമ അവസ്ഥയിലാണിപ്പോഴെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ പ്രവേശിക്കാനാവാതെ ബുദ്ധിമുട്ടിയ കോണ്‍സുലേറ്റ് അംഗങ്ങളെ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അകത്ത് കടക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചത്. സരബ്ജിത്തിന്റെ ചികിത്സ അത്യന്തം വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടര്‍മാരുടെ സംഘത്തിലെ അംഗം വെളിപ്പെടുത്തി. ആന്തരിക രക്തസ്രാവം നിലയ്ക്കാതെ ഒരു ശസ്ത്രക്രിയയ്ക്കും സരബ്ജിത്തിനെ വിധേയനാക്കാനാവില്ല.
ജയിലിലെ സുരക്ഷാവിഴ്ച്ചയാണ് ഈയൊരവസ്ഥയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസംമുന്‍പ് സഹതടവുകാരുടെ ആക്രമണം ചൂണ്ടിക്കാട്ടി സരബ്ജിത്ത് തനിക്ക് കത്തയച്ചതായി സഹോദരി ദല്‍ബീര്‍ കൗര്‍ പറയുന്നു. സരബ്ജിത്തിനെ ആക്രമിക്കുമെന്ന് ആക്രമിച്ചവരില്‍ ഒരാള്‍ ജയിലില്‍ വച്ച് പറഞ്ഞതായി ജയില്‍ വൃത്തങ്ങളും വെളിപ്പെടുത്തുന്നു. മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്ന സരബ്ജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് തുടരുമ്പോഴും അദ്ദേഹത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ക്കും ചൂടുപിടിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികരിക്കാനാവില്ലെന്ന് കാട്ടി മൗനം പാലിക്കുകയാണ് പാക് ഭരണകൂടം.
No comments:
Post a Comment