Monday, May 18, 2015

ഇമാം ശാഫിഈ (റ) നെ കുറിച്ച് ഒരു ചെറു വിവരണം

അബൂ അബ്ദില്ല മുഹമ്മദ് ബിന്‍ ഇദ്‌രീസ് അശ്ശാഫിഈ എന്ന് പൂര്‍ണ നാമം. ഹിജ്‌റ 150 ല്‍ ഫലസ്ഥീനിലെ ഗസ്സയില്‍ ജനിച്ചു. അബൂ ഹനീഫ (റ) ബഗ്ദാദില്‍ ദിവംഗതനായ ദിവസമായിരുന്നു അത്. രണ്ടു വയസ്സ് തികയുന്നതിനു മുമ്പുതന്നെ പിതാവ് അന്തരിച്ചു. പിന്നീട് ഫലസ്ഥീനില്‍ ഒറ്റപ്പെട്ടു കഴിയുന്നതില്‍ വിരസത തോന്നിയ മാതാവ് അനാഥ പുത്രനുമൊത്ത് മക്കയില്‍ പോയി. ഹസന്‍ രണ്ടാമന്റെ പൗത്രി ഫാഥിമയായിരുന്നു മാതാവ്. പണ്ഡിതയും മതഭക്തയുമായ അവരുടെ ശിക്ഷണത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിതാമഹന്മാരില്‍ വിഖ്യാത പുരുഷനായ ശാഫിഉബ്‌നു സാഇബിലേക്കു ചേര്‍ത്തി ശാഫിഈ എന്നറിയപ്പെട്ടു. ശാഫിഉം അദ്ദേഹത്തിന്റെ പിതാവും ബദര്‍ ദിനത്തില്‍ ഇസ്‌ലാമാശ്ലേഷിച്ച പ്രമുഖ സ്വഹാബികളാണ്.
ബുദ്ധിപരമായ ഔന്നത്യം ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തെ അനുപമനാക്കിയിരുന്നു. ഏഴാം വയസ്സില്‍ ഖുര്‍ആനും പത്താം വയസ്സില്‍ പ്രഥമ ഹദീസ് ഗ്രന്ഥമായ ഇമാം മാലികി (റ) ന്റെ മുവഥയും ഹൃദിസ്ഥമാക്കി. ശേഷം, മക്കയിലെ മുഫ്തിയായിരുന്ന മുസ്‌ലിം ബിന്‍ ഖാലിദ് അസ്സഞ്ചിയുടെ അടുത്തു പോയി ഫിഖ്ഹ് പഠിച്ചു. പതിനഞ്ചു വയസ്സായപ്പോഴേക്കും ഫത്‌വ നല്‍കാനുള്ള കഴിവാര്‍ജ്ജിക്കുകയും അതിനുള്ള ഇജാസത്ത് (സമ്മതം) സ്വന്തമാക്കുകയും ചെയ്തു. ശേഷം, മദീനയിലെത്തി ഇമാം മാലിക് (റ) വിനോടൊപ്പം ചേര്‍ന്നു. ഹിജ്‌റ 195 ല്‍ ബഗ്ദാദിലേക്കു പുറപ്പെട്ടു. രണ്ടു വര്‍ഷം അവിടെ കഴിച്ചുകൂട്ടിയ അദ്ദേഹം വിവിധ പണ്ഡിതരുമായി കണ്ടുമുട്ടുകയും അവരില്‍നിന്നും വിവിധ വിഷയങ്ങളിലുള്ള അറിവ് ശേഖരിക്കുകയും ചെയ്തു. തന്റെ ആദ്യകാല രചനകളിലൊന്നായ ഹുജ്ജ രചിക്കുന്നത് ഇവിടെ വെച്ചാണ്. ശേഷം, മക്കയിലേക്കുതന്നെ മടങ്ങിയ അദ്ദേഹം ഹിജ്‌റ 198 ല്‍ വീണ്ടും ബഗ്ദാദിലേക്കു തിരിച്ചു. അവസാനം ഈജിപ്തിലേക്ക് തിരിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് തന്റെ വിഖ്യാത ഗ്രന്ഥങ്ങളായ അല്‍ ഉമ്മ്, അല്‍ അമാലീ തുടങ്ങിയവ രചിക്കുന്നത്. പണ്ഡിതരില്‍നിന്നും പണ്ഡിതരിലേക്കുള്ള യാത്രയായിരുന്നു ഇമാം ശാഫിഈയുടെ ജീവിതം. അദ്ദേഹത്തിന്റെ ഗ്രഹണ ശേഷിയും മന:പാഠമാക്കാനുള്ള കഴിവും പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള പാടവവും ഗംഭീരമായിരുന്നു.
ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ മുസ്‌ലിം സമുദായത്തില്‍ ഒരു മുജദ്ദിദിനെ (നവോത്ഥാന നായകന്‍) അല്ലാഹു നിയമിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഹിജ്‌റ രണ്ടാം ശതകത്തിലെ നവോത്ഥാന നായകന്‍  ഇമാം ശാഫിഈ (റ) ആയിരുന്നുവെന്ന് ഇമാം അഹ്മദ് ബ്‌നു ഹമ്പലിനെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖുറൈശി വംശജനായ ഒരു പണ്ഡിതന്‍ ഭൂമുഖത്ത് വിജ്ഞാനം നിറക്കുമെന്ന (ഹാകിം, മുസ്തദ്‌റക്) നബി വചനത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇമാം ശാഫിഈ എന്ന് സുപ്രസിദ്ധ ഹദീസ് പണ്ഡിതന്‍ അബൂ നഈം പ്രസ്താവിച്ചിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാവ്, കര്‍മ ശാസ്ത്ര വിശാരദന്‍, ചരിത്രകാരന്‍, കവി, ഹദീസ് പണ്ഡിതന്‍ എന്നീ നിലകളില്‍ ഇസ്‌ലാമിക വിജ്ഞാന മേഖലകളില്‍ ലബ്ധ പ്രതിഷ്ഠനായ അദ്ദേഹം അതിനിശിതവും സൂക്ഷ്മവുമായ ചിന്താവിശകലനത്തിന് സ്വന്തം ധിഷണയെ സജ്ജമാക്കിയ പ്രതിഭാശാലിയായിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിനു സുവ്യക്തമായൊരു നിദാന ശാസ്ത്രം (ഉസൂലുല്‍ ഫിഖ്ഹ്) ആവിഷ്‌കരിക്കുകവഴി അതിബൃഹത്തായൊരു വിജ്ഞാന ശാഖയുടെ ഉപജ്ഞാതാവുകൂടിയാണദ്ദേഹം.
ചെറുപ്പം മുതലേ വലിയ കവിതാ പ്രേമിയായിരുന്നു ഇമാം ശാഫിഈ (റ). ഹുദൈല്‍ വംശജരെപ്പോലെ പ്രസിദ്ധരായ കവികളും കവികളും ഭാഷാപടുക്കളും അന്നുണ്ടായിരുന്നില്ല. കവിതകളുടെ അമൂല്യ കലവറകളായിരുന്നു ഹുദൈലിലെ ഓരോ വീടും. നഗരപ്രദേശങ്ങളില്‍നിന്നും വളരെ അകലെയായിരുന്നു അവര്‍ താമസിച്ചിരുന്നത് എന്നതിനാല്‍ അധികമാളുകളും അവരെ എത്തിനോക്കുമായിരുന്നില്ല. എന്നാല്‍, ഇമാം ശാഫിഈ അവരുടെ അടുത്തു പോയി കവിതയും ഭാഷാ പരിജ്ഞാനവും ആര്‍ജ്ജിച്ചു. ശേഷം, അനര്‍ഘങ്ങളായ അനവധി കവിതകള്‍ അദ്ദേഹം രചിക്കുകയുണ്ടായി.
സുഫ്‌യാനു ബ്‌നു ഉയൈന (റ) നിന്നാണ് ഹദീസ് വിജ്ഞാനത്തില്‍ അവഗാഹം നേടുന്നത്. പിന്നീട് ഓരോ നിമിഷവും ഖുര്‍ആനിന്റെയും ഹദീസിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗവേഷണാത്മകമായ ജീവിതം നയിച്ചു. അങ്ങനെ, ദശകങ്ങളോളം തുടര്‍ന്ന ദാര്‍ശനിക പര്യവേക്ഷണത്തില്‍നിന്നും ഉരുതിരിഞ്ഞ  കര്‍മശാസ്ത്ര സരണിയാണ് ശാഫിഈ മദ്ഹബ്. ഇമാമുകളുമായി അഭിപ്രായാന്തരമുള്ള ഏതു വിഷയത്തിലും  വലിയ സൂക്ഷ്മത അദ്ദേഹം പ്രകടിപ്പിച്ചു. ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിനു ഊടും പാവും നല്‍കിയ സമുന്നത വ്യക്തി എന്ന നിലയില്‍ മുസ്‌ലിം ലോകം ഇമാം ശാഫിഈയെ പ്രത്യേകം അനുസ്മരിക്കേണ്ടതാണ് എന്ന് ഹിലാലു ബ്‌നു അലാഅ് (റ) പ്രസ്താവിച്ചിട്ടുണ്ട്.

Sunday, May 17, 2015

ഭാര്യയോടുള്ള സ്നേഹം

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?
ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!
ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
കഴിഞ്ഞ ജുമുഅ ഖുതുബ യില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!
ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ
ഇതെവിടെ
അത് ഇങ്ങോട്ട് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ?
എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?
യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?
ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി
നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
പാത്ത്വോ
ശോഭേ
സുമിത്രേ
കുഞ്ഞിമ്മുവോ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!
പോത്തേ
കഴുതേ
പണ്ടാരെ
കുരിപ്പേ ...
എന്തെല്ലാം വിളികള്‍ ..
ഖത്തീബ് തുടരുന്നു
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ മവദ്ദത്തീ
യാ കബ്ദീ
യാ ഖല്‍ബീ ..
പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...
ഖത്തീബ് പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്നു
ഒടുവില്‍ അദ്ദേഹം പറഞ്ഞു
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്
അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് പേര് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്കു ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കൂ
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കൂ .
ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്‌
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്‌
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്‌
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?
നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു പുതിയ പേര് കണ്ടു പിടിക്കാം .
നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..
അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ
'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!
ഏറ്റവും ഒടുവില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു
'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '
മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍
എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങള്

പെണ്ണിന്റെയും കുഞ്ഞിന്റെയും പ്രിയ നബി (സ്വ)

പെണ്ണിനെ വര്‍ണിക്കാത്തവരില്ല കവികളിലും കഥാകാരന്മാരിലും. മഹത്വചനങ്ങളിലും മഹിളകളുടെ മഹത്വം ഏറെയുണ്ട്. കനകമായും കണ്ണുനീര്‍തുള്ളിയായും ഉപമ പറഞ്ഞവരും സമൂഹ വാഹനത്തിന്റെ ചക്രമായി വിശേഷിപ്പിച്ചവരുമൊക്കെയുണ്ട്.
എന്നാല്‍ ഒരു നബിവചനം കാണുക: പെണ്ണിന്റെ മേന്മ ഇത്രയും മനോഹരമായി ആരും പറഞ്ഞിട്ടില്ല; ഇനിയൊരാള്‍ക്കും പറയാനുമാവില്ല. ‘ഇഹലോകം മുഴുവന്‍ വിഭവങ്ങളാണ്. അതിലെ ഏറ്റവും ഉത്തമ വിഭവം നല്ല പെണ്ണാണ്.’
ഇഹലോകത്തെ സകലതിനെക്കാളും മേന്മ പറഞ്ഞ സ്ഥിതിക്ക് ഇനി ഇതിലും നന്നായി ആര്‍ക്ക് എന്തിനോട് ഉപമിക്കാനാവും പെണ്ണിനെ.
ഉത്തമ വിഭവമായി ചിത്രീകരിക്കുക മാത്രമല്ല, ഉത്തമ രീതിയില്‍ അവളോട് പെരുമാറേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചു പെണ്ണിനെ പൊന്നിലും പൊന്നായി കാക്കാന്‍ പ്രേരിപ്പിക്കുന്നു തിരുനബി(സ്വ).
സ്ത്രീകളും കുട്ടികളും എന്നൊരു ചേര്‍ത്തു പറയലുണ്ടല്ലോ. പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായി ഏറെ പരിഗണന അര്‍ഹിക്കുന്നവരാണ് ഇവരെന്നതാണു കാരണം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സുരക്ഷക്കുമായി എന്തെല്ലാം പ്രഖ്യാപനങ്ങളും പദ്ധതികളും! പക്ഷേ, വര്‍ത്തമാന കാലത്ത് ഇവര്‍ക്കെന്തുണ്ട് സുരക്ഷ? മനുഷ്യമനസ്സ് സംസ്കരിക്കപ്പെടാത്ത കാലത്ത് ഇവര്‍ സുരക്ഷിതരാവില്ലെന്നതു തീര്‍ച്ച.
അന്ധകാര കാലത്ത് നിയോഗിതനായ നബി(സ്വ)യെ ഓര്‍ക്കുക. അന്നു പെണ്ണിന്റെ അവകാശങ്ങളെക്കുറിച്ചു ചര്‍ച്ചയില്ല. ജീവിക്കാനേ അവകാശമില്ലാത്ത കാലത്ത് വേറെ അവകാശങ്ങള്‍ അപ്രസക്തം. ആ മണ്ണില്‍ പെണ്ണ് അതീവ സുരക്ഷിതയായത് ലോകം കണ്ടു. നബി(സ്വ)യുടെ വാക്കില്‍ തന്നെ പറഞ്ഞാല്‍ സന്‍ആഅ് മുതല്‍ ഹളര്‍ മൗത്ത് വരെ തന്റെ ആടിനെ ചെന്നായ പിടിക്കുമോ എന്നല്ലാതെ മറ്റൊന്നും പേടിക്കാതെ ഏകയായി അവള്‍ക്ക് സഞ്ചരിക്കാനാവും വിധം.
ഈ സുരക്ഷ തന്നെയാണ് എക്കാലത്തും ഇസ്ലാം പെണ്ണിനു നല്‍കിയത്. ജീവിത വിഭവങ്ങളില്‍ ഉള്‍പ്പെടെ ഇസ്ലാമില്‍ സ്ത്രീക്ക് സുരക്ഷയെക്കുറിച്ച് ആശങ്കയേ വേണ്ട. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സംരക്ഷകരെ മതം ചുമതലയേല്‍പിക്കുന്നു. കുട്ടിയാകുമ്പോള്‍ പിതാവ്. ഭാര്യയാകുമ്പോള്‍ ഭര്‍ത്താവ്. മാതാവായാല്‍ യോഗ്യരായ മക്കള്‍. ഇവരാരും സംരക്ഷിക്കാനില്ലെങ്കില്‍ സമൂഹമോ ഭരണകൂടമോ സംരക്ഷിച്ചേ മതിയാകൂ. ഇത് കര്‍ശന താക്കീതോടെയുള്ള വിധിയാണിസ്ലാമില്‍. വീഴ്ച വരുത്താന്‍ പാടില്ലാത്ത അലംഘനീയ നിയമം.
മുഹമ്മദ്(സ്വ) നേടിക്കൊടുത്തതാണിതെല്ലാം. സ്ത്രീയുടെ ഭൗതിക സുരക്ഷയില്‍ ഒതുങ്ങുന്നില്ല ഇസ്ലാമിന്റെ ഇടപെടല്‍. അര്‍ഹിക്കുന്ന സ്വാതന്ത്ര്യം വകവെച്ചു കൊടുത്തും നിയന്ത്രണം വേണ്ടിടത്തു നിയന്ത്രിച്ചും വ്യക്തിത്വം അംഗീകരിച്ചും സന്പൂര്‍ണ ഇഹപര നേട്ടമാണ് നല്‍കുന്നത്. പെണ്ണിനു മോചനം നല്‍കിയ സംരക്ഷകനും മോക്ഷമാര്‍ഗം പഠിപ്പിച്ച മഹാഗുരുവുമാണ് നബി(സ്വ) എന്നതു നിസ്സംശയം.
നബി(സ്വ)യുടെ പദവി അത്യുന്നതമാണെന്നതു സന്ദേഹരഹിതം. ആരെക്കാളും കൂടുതല്‍ അതു ബോധ്യമുള്ളവരായിരുന്നു സ്വഹാബികള്‍; ആണും പെണ്ണും. എന്നാല്‍ അതോടൊപ്പം തന്നെ തങ്ങളോട് ഏറ്റവും അടുത്ത ഒരാളായി, ഏതൊരു അടുത്ത ബന്ധുവിനെക്കാളും അടുത്ത ബന്ധുവും ഏതൊരു സുഹൃത്തിനെക്കാളും അടുത്ത സുഹൃത്തുമായി അവര്‍ നബി(സ്വ)യെ കണ്ടു. സ്വഹാബീ വനിതകളും ഇങ്ങനെത്തന്നെയായിരുന്നു.
ആവശ്യങ്ങള്‍ ചോദിക്കാനും ആവലാതികള്‍ ബോധിപ്പിക്കാനും പ്രാപ്യമായ ഇടത്ത് അവര്‍ക്ക് നബി(സ്വ) ഉണ്ടായിരുന്നു. ആര്‍ത്തവ വിരാമമുണ്ടായാല്‍ കുളിക്കേണ്ടതെങ്ങനെ എന്നു ചോദിച്ചുവന്നു ഒരിക്കല്‍ ഒരു വനിത. നബി(സ്വ) സംശയ നിവൃത്തി വരുത്തി വിശദീകരണം നല്‍കി. കാര്യം ഗ്രഹിക്കാതെ പിന്നെയും ചോദിച്ചുകൊണ്ടിരുന്ന പെണ്ണിനെ താന്‍ പിടിച്ചു വലിച്ചു വിശദാംശം പറഞ്ഞുകൊടുത്ത കഥ പറയുന്നുണ്ട് നബിപത്നി ആഇശ(റ).
നവജാത ശിശുവിനു പേരിടാനും മധുരം നല്‍കാനും കൊണ്ടുവന്നവര്‍, ധര്‍മം ഭര്‍ത്താവിനു ല്‍കിയാല്‍ പ്രതിഫലമുണ്ടോ എന്നറിയാന്‍ വന്നവര്‍, സ്നേഹ സമ്മാനമായി പുതപ്പും ഭക്ഷണവും കൊണ്ടുവന്നവര്‍, ഭര്‍ത്താക്കന്മാരെക്കുറിച്ചു ആവലാതിപ്പെടാന്‍ വന്നവര്‍, ഭര്‍ത്താവിനു അനുകൂലമായി പടച്ചവനില്‍ നിന്നു വിധി തന്നെ കിട്ടാന്‍ മാത്രം തര്‍ക്കിച്ചവര്‍… അങ്ങനെ എത്രയെത്ര വനിതകള്‍ തിരുചാരെ വന്നു! പെണ്ണിനു പ്രിയപ്പെട്ടവര്‍ തന്നെ തിരുനബി(സ്വ).
അവകാശങ്ങളില്ലാതാക്കുകയല്ല, നേടിക്കൊടുക്കുകയായിരുന്നു നബി(സ്വ)യവര്‍ക്ക്. പെണ്ണിനു സന്പൂര്‍ണ സുരക്ഷയ്ക്കു ആവശ്യമായ നിര്‍ദേശങ്ങള്‍ സമൂഹത്തിന് അവിടുന്നു നല്‍കി.
ഹജ്ജത്തുല്‍ വദാഇലെ ഖുത്വുബതുല്‍ വദാഅ് എന്ന വിടവാങ്ങല്‍ പ്രസംഗം പ്രബോധന ജീവിതത്തിന്റെ സമാപ്തിയാണ്. ദീന്‍ പൂര്‍ത്തിയാക്കുന്ന വേള. ആ ഗൗരവ മുഹൂര്‍ത്തത്തില്‍ ഗൗരവത്തോടെ ഉണര്‍ത്തിയ കാര്യങ്ങളില്‍ ഒന്ന് പെണ്ണിന്റെ സുരക്ഷയായിരുന്നു. അവള്‍ നിങ്ങളുടെ പക്കല്‍ സൂക്ഷിക്കാനേല്‍പിച്ച സ്വത്താണെന്നും അവളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടണമെന്നും അവിടുന്ന് ഉണര്‍ത്തി.
കുട്ടികളുടെയും കഥയിതുതന്നെ. ചൂഷണത്തിനും ക്രൂരതയ്ക്കും എന്നുമിരയാവുന്നവരാണ് കുഞ്ഞുങ്ങള്‍. ശാസ്ത്ര, സാങ്കേതിക, സാഹിത്യ, സാംസ്കാരിക മേഖലയിലെല്ലാം ഉത്തുംഗതയിലെത്തിയെന്നഭിമാനിക്കുന്ന ഇന്നത്തെയും സ്ഥിതി ഇതുതന്നെയാണല്ലോ.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെയും പീഡനത്തിന്റെയും വാര്‍ത്തകളില്ലാത്ത ദിനങ്ങളില്ല. സ്നേഹ പ്രവാചകന്റെ ഇടപെടലുകള്‍ അവിടെയും കാണാം. ചെറിയവരോട് കരുണ കാട്ടാത്തവര്‍ നമ്മില്‍ പെട്ടവരല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞു തിരുനബി(സ്വ). കുട്ടികളോട് കുശലം പറയാനും അവരെ സന്തോഷിപ്പിക്കാനും മടി കാട്ടിയില്ല. കുട്ടികളുടെ സംഘത്തോട് നബി(സ്വ) സലാം പറഞ്ഞു എന്ന് ഹദീസിലുണ്ട്. അവര്‍ക്കു സമാധാനമാശംസിക്കുന്ന ആ സലാം ചൊല്ലലില്‍ അവരുടെ വ്യക്തിത്വം അംഗീകരിക്കല്‍ കൂടിയുണ്ട്.
മധുര വചനങ്ങളാല്‍ കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ച, സ്നേഹത്തോടെ തലോടിയ തിരുനബി(സ്വ) അവരെ തിരുത്തേണ്ട, ശാസിക്കേണ്ട ഘട്ടങ്ങളിലും ക്രുദ്ധനായില്ല. ശാന്തനായി അവര്‍ക്കു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുത്തു. അവിവേകത്തിന്റെ പ്രായത്തെ കൈകാര്യം ചെയ്യേണ്ടത് വിവേകത്തോടെയാണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാക്കിക്കൊടുത്തു.
പക്ഷിക്കുഞ്ഞുങ്ങളെ നബി(സ്വ)ക്കു സമ്മാനിച്ച ബാലന്മാരുടെ കഥ പ്രസിദ്ധമാണല്ലോ. കാര്യപ്പെട്ടൊരു സമ്മാനമായി കൊണ്ടുവന്നതാണവര്‍ പ്രാവിന്‍ കുഞ്ഞുങ്ങളെ. ചെയ്തതു ശരിയല്ലെന്നതിന്റെ പേരില്‍ അവരോട് കോപിച്ച് ശകാരിച്ച് തിരിച്ചയച്ചിരുന്നുവെങ്കില്‍ അവര്‍ ആ കിളിക്കുഞ്ഞുങ്ങളെ വഴിയോരത്തെവിടെയെങ്കിലും വലിച്ചെറിഞ്ഞു പാട്ടിനു പോയി പരിഭവം തീര്‍ത്തേനെ.
എന്നാല്‍ നബി(സ്വ) തള്ളപ്പക്ഷിയുടെ സങ്കടം ഓര്‍മിപ്പിച്ച് അവരുടെ മനസ്സലിയിച്ചു. ഇനിയൊരിക്കലും ഒരു ജീവിയോടും മനസ്സറിയാതെ പോലും ക്രൂരത കാട്ടില്ലെന്നു ദൃഢനിശ്ചയം ചെയ്യുന്ന മനസ്സോടെയാണവരുടെ തിരിച്ചുപോക്ക്. ബാല മനസ്സുകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു നബി(സ്വ) പഠിപ്പിച്ചുതരുന്നു.
ഏതൊരു കുഞ്ഞിനും സ്വന്തം മാതാപിതാക്കളെക്കാള്‍ പ്രിയപ്പെട്ടവനാകുംവിധമായിരുന്നു നബി(സ്വ)യുടെ പെരുമാറ്റം. സൈദ്(റ) നബി(സ്വ)യുടെ പോറ്റുമകനായതുമങ്ങനെയാണല്ലോ.
തസ്കരന്മാര്‍ പിടികൂടി അടിമച്ചന്തയില്‍ കൊണ്ടുപോയി വിറ്റതാണ് സൈദ് എന്ന ബാലനെ. അടിമയല്ലാത്ത ആ കുട്ടി അങ്ങനെ അടിമയായിത്തീര്‍ന്നു. കൈമാറിയെത്തിയത് നബി(സ്വ)യുടെ കൈവശം. കുട്ടിയെ അന്വേഷിച്ചു നടന്ന പിതാവും മറ്റും നബി(സ്വ)യുടെ അടുത്തെത്തി. കുട്ടി നിങ്ങളുടെ കൂടെ പോരുന്നുവെങ്കില്‍ നഷ്ടപരിഹാരം പോലും തരാതെ കൊണ്ടുപോകാനായിരുന്നു നബി(സ്വ)യുടെ നിര്‍ദേശം. പക്ഷേ, സൈദ് എന്ന കുട്ടി തിരുനബി(സ്വ)യെ വിട്ടുപോകാന്‍ തയ്യാറായില്ല ഒരു കാലത്തും.
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സ്നേഹവും സംരക്ഷണവും ലഭിക്കുമ്പോള്‍ മാത്രമേ ഒരു സമൂഹത്തിന് സംസ്കൃതവും പരിഷ്കൃതവുമെന്ന് അവകാശപ്പെടാനാവൂ. മുഹമ്മദ്(സ്വ) നായകത്വം വഹിച്ച സമൂഹത്തിലൂടെ ലോകം അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണിത്