Thursday, November 14, 2013



                                     മുഹര്‍റം: ഇസ്‌ലാമിക് 'ന്യൂഇയര്‍'

കാലം തന്നെ സത്യം,നിശ്ചയം മാനവ സമൂഹം നാശത്തിലാണ്. സത്യം വിശ്വസിക്കുകയും സല്‍കര്‍മ്മമനുഷ്ടിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരമുപദേശിക്കുകയും ചെയ്തവര്‍ ഒഴികെ (വി.ഖു.103)

മുഹര്‍റം, ഒരായിരം പ്രതീക്ഷകളുടെ നവവര്‍ഷപ്പുലരി. ഇസ്‌ലാമിക കലണ്ടറിലെ പുതുവര്‍ഷപ്പിറവി. മുഹര്‍റം പിറക്കുമ്പോള്‍ നമ്മുടെ ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം പൊഴിഞ്ഞ് വീണു. മരണത്തിലേക്ക് ഒരു വര്‍ഷം അടുത്തുവെന്ന് സാരം. ദിനങ്ങളും, ആഴ്ചകളും, മാസങ്ങളും വര്‍ഷങ്ങളുമായി കാലചക്ര ഗതിയില്‍ ഏതോ ഒരു നിമിഷം നാം യാത്രയാകും. അതോടെ ന്യായവും അന്യായവുമായി നേടിയതും സമ്പാദിച്ചതും ആ മരണമെന്ന സത്യത്തിനു മുന്നില്‍ അടിയറ വെക്കുകയായി. ലോകാരംഭം മുതല്‍ ധിക്കാരത്തിന്റെ, അധികാരത്തിന്റെ, ധാര്‍ഷ്ഠ്യതയുടെ പ്രതീകങ്ങളായ ഫിര്‍ഔനുമാരുടെയും ഖാറൂനുമാരുടെയും സര്‍വ്വ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും കാലം സാക്ഷിയാണ്. ഞാനാണ് ഉന്നത ദൈവമെന്ന് ഉദ്‌ഘോഷിച്ചവരും സത്യ ദൂതുമായി വന്ന പ്രവാചകരെ മൃഗീയമായി പീഢിപ്പിക്കുകയും കൊല നടത്തുകയും ചെയ്തവരും വരെ കഴിഞ്ഞുപോയി. വിശുദ്ധ ഖുര്‍ആന്‍ കാലം കൊണ്ട് സത്യം ചെയ്തതും തുടര്‍ന്നു പ്രഖ്യാപിച്ചതും വിസ്മരിക്കാത്തവര്‍ വിജയികള്‍.

മുഹര്‍റം, അല്ലാഹു ആദരിച്ച മാസം. വിശുദ്ധ മാസങ്ങളിലൊന്ന്. ഇസ്‌ലാമിനു മുമ്പ് ജാഹിലിയ്യത്തിലും ആദരിക്കപ്പെട്ട മാസം. അല്ലാഹു പറയുന്നു : അല്ലാഹു പവിത്രമാക്കിയതിനെ ആര് ആദരിക്കുന്നുവോ അത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉത്തമം (വി.ഖു.22/30). മുഹര്‍റം മാസം മുഴുവനും മഹത്വമുള്ളത് പോലെ ആദ്യ പത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകം മഹത്വങ്ങളുണ്ട്. സൂറത്തുല്‍ ഫജ്‌റില്‍ ഒരു പ്രഭാതത്തെയും പത്തു രാവുകളെയും അല്ലാഹു സത്യം ചെയ്യുന്നുണ്ട്. ആ പ്രഭാതം മുഹര്‍റമിലെ ആദ്യ ദിനത്തിന്റെ പ്രഭാതമാണെന്നും (ജമല്‍-8/324), ആ പത്തു രാവുകള്‍ മുഹര്‍റമിലെ ആദ്യ പത്തു രാവുകളാണെന്നും (ഖുര്‍ത്വുബി-20/35) മുഫസ്സിറുകള്‍ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം.
മഹത്വവും ശ്രേഷ്ടതയും
അബ്ദുള്ളാഹിബ്‌നുഅബ്ബാസ് (റ) നിവേദനം: നബീ(സ്വ) പറഞ്ഞു: ആരെങ്കിലും മുഹര്‍റമിലെ ആശൂറാഇന് നോമ്പെടുത്താല്‍ 10000 ഹാജിമാരുടെയും, ഉംറ നിര്‍വ്വഹിച്ചവരുടെയും, രക്ത സാക്ഷികളുടെയും പ്രതിഫലങ്ങള്‍ അല്ലാഹു അവന് നല്‍കുന്നതാണ്. ഒരു അനാഥന്റെ തല ആര് തടവിയോ അവന് തടവിയ ഓരോ മുടിക്കു പകരം ഓരോ പദവി അല്ലാഹു ഉയര്‍ത്തും. ആശൂറാഇന്റെ ദിനത്തില്‍ ഒരാളെ നോമ്പ് മുറിപ്പിച്ചാല്‍ അവന്‍ മുഹമ്മദ് നബീ(സ്വ) തങ്ങളുടെ സമുദായത്തെ മുഴുവന്‍ വയറ് നിറയെ ഭക്ഷണം നല്‍കി നോമ്പ് തുറപ്പിച്ചവനെ പോലെയാണ്.
സ്വഹാബികള്‍ ചോദിച്ചു അല്ലാഹുവിന്റെ തിരുദൂദരേ... അല്ലാഹു ആശൂറാഇന് മറ്റു ദിവസങ്ങളെക്കാളും മഹത്വം നല്‍കിയോ? അവിടുന്ന് അരുളി. അതെ, അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് ആശൂറാഇലാണ്. പര്‍വ്വതങ്ങളെയും സമുദ്രത്തെയും ലൗഹ്, ഖലമിനെയും സൃഷ്ടിച്ചത് മുഹര്‍റം 10 നാണ്. ആദം നബീ(അ), ഹവ്വാഅ് ബീവി(റ) അവരെ സൃഷ്ടിച്ചതും, സ്വര്‍ഗ-നരകങ്ങളെ പടച്ചതും ആശൂറാഇലാണ്. ഇബ്‌റാഹിം നബീ(അ) യുടെ ജനനവും അവരെ നംറൂദിന്റെ അഗ്നി കുണ്ഡത്തില്‍ നിന്ന് രക്ഷിച്ചതും മകനെ അറുക്കാന്‍ കല്പ്പിച്ചതും മകനു പകരം ഒരറവു മൃഗത്തെ നല്‍കിയതും മുഹര്‍റമിലെ ആ പുണ്യ ദിനത്തിലാണ്. ഫിര്‍ഔനിനെ മുക്കി നശിപ്പിച്ചതും അതെ. അയ്യൂബ് നബീ(അ)ന് രോഗശമനം നല്‍കി, ആദം നബീ(അ)യുടെ തൗബ സ്വീകരിച്ചു, ദാവൂദ് നബീ(അ)ക്ക് പൊറുത്ത് കൊടുത്തു, സുലൈമാന്‍ നബീ(അ)ക്ക് ലോകാധികാരം തിരിച്ച് നല്‍കി. ഈസാ നബീ(അ)ന്റെ ജനനവും അവരെ അല്ലാഹു തന്റെ സന്നിധിയിലേക്ക് ഉയര്‍ത്തിയതും തുടങ്ങി ഇത്തരം ധാരാളം ചരിത്ര മുത്തുകളുടെ മഹാസംഗമം മുഹര്‍റം പത്തിലായിരുന്നു. അങ്ങനെ മുഹര്‍റം 10ലെ ഓരോ സമയത്തിനും പ്രത്യേകം മഹത്വങ്ങള്‍. അല്ലാഹു ഈ സമുദായത്തിന് അവരുടെ പാപങ്ങള്‍ കഴുകി ശുദ്ധിയാക്കാന്‍ ഇങ്ങനെയൊരു ദിവസം നിശ്ചയിച്ചിരിക്കുന്നു. (തന്‍ബീഹുല്‍ ഗ്വാഫിലീന്‍- 166-167, ഇആനത്ത്- 2/267)
മുഹര്‍റം പത്തിന് ഭാര്യ സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യല്‍ സുന്നത്താണ്. ''ആരെങ്കിലും ആശൂറാ ദിനത്തില്‍ കുടുംബത്തിന് വിശാലത ചെയ്താല്‍ അല്ലാഹു വര്‍ഷം മുഴുവന്‍ അവന് വിശാലത ചെയ്യുന്നതാണ്'' (ഹദീസ്). ഈ ഹദീസ് നിവേദനം ചെയ്ത മഹാന്‍മാര്‍ പലരും ഇത് പരിശോധിച്ചനുഭവിച്ചവരാണെന്ന് കാണാം (ശര്‍വാനി 3/501).
മുഹര്‍റമിലെ നോമ്പ്
മുഹര്‍റം മാസത്തിലെ നോമ്പിന് വളരെയേറെ ശ്രേഷ്ടതയുണ്ട്. അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബീ(സ്വ) അരുളി: നിര്‍ബന്ധ നിസ്‌ക്കാരം കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിസ്‌ക്കാരമായത് പോലെ റമളാന്‍ മാസത്തിലെ നോമ്പ് കഴിഞ്ഞാല്‍ ശ്രേഷ്ടമായത് മുഹര്‍റമിലെ നോമ്പാകുന്നു (മുസ്‌ലിം). 
മുഹര്‍റം 9,10 (ആശൂറാഅ്, താസൂആഅ്)
മുഹര്‍റം മാസത്തിലെ ഏറ്റവും വിശിഷ്ടവും ശ്രേഷ്ടവുമായ ദിനാമാണ് ആശൂറാ അ്. മുഹര്‍റം 10 ന് ആശൂറാഅ് എന്നും 9 ന് താസൂആഅ് എന്നും പറയുന്നു. ഈ രണ്ട് ദിനങ്ങളില്‍ നോമ്പെടുക്കല്‍ ശക്തിയായ സുന്നത്താണ്. നബീ(സ്വ) മുഹര്‍റം 10 ന് നോമ്പെടുത്തിരുന്നു. നോമ്പെടുക്കാന്‍ അവിടുന്ന് കല്‍പിക്കുമായിരുന്നു. ആശൂറാഇന്റെ നോമ്പ് കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുപ്പിക്കുന്നതാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. ജൂദന്മാര്‍ മൂസാ നബി(അ) രക്ഷപ്പെട്ടതിന്റെ അനുഗ്രഹ സ്മരണയായി മുഹര്‍റം 10ന് നോമ്പെടുക്കാറുണ്ടായിരുന്നു. അവരോട് എതിരാവാന്‍ മുഹര്‍റം 9നും നോമ്പനുഷ്ടിക്കല്‍ മുസ്‌ലിംകള്‍ക്ക് ശക്തമായ സുന്നത്താക്കപ്പെട്ടു. നബീ(സ്വ) പറഞ്ഞു: വരും വര്‍ഷത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ 9നും ഞാന്‍ നോമ്പെടുക്കും. അതിനു മുമ്പ് അവിടുന്ന് വഫാത്തായി (മുസ്‌ലിം).
മുഹര്‍റം പതിനൊന്ന്
മുഹര്‍റം 11നും നോമ്പനുഷ്ടിക്കല്‍ സുന്നത്താണ് (തുഹ്ഫ 3/502). ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഒരു ഹദീസ്: നിങ്ങള്‍ ആശൂറാഅ് ദിനം നോമ്പെടുക്കുക, ജൂതരോട് നിങ്ങള്‍ എതിരാവുക. മുഹര്‍റം 10ന് മുമ്പും പിമ്പും ഓരോ ദിനവും കൂടി നോമ്പെടുക്കുക (ഇആനത്ത് 2/266). എന്നാല്‍ മുഹര്‍റം 10ന് മാത്രം നോമ്പെടുക്കല്‍ കറാഹത്തില്ല എന്ന് ഉമ്മ് എന്ന കിതാബില്‍ ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട് (ഫത്ഹുല്‍ മുഈന്‍ 203). മുഹര്‍റം ആദ്യ 8 ദിനങ്ങളില്‍ നോമ്പെടുക്കല്‍ ദുല്‍ഹിജ്ജ മാസം പോലെ സുന്നത്താണെന്ന് ഇമാം ഗസ്സാലി(റ)ന് അഭിപ്രായമുണ്ട് (ഇബ്‌നു ഖാസിം 3/502). 
ലോക മുസ്‌ലിംകളുടെ പുതുവര്‍ഷാരംഭമാണ് മുഹര്‍റമിലൂടെ സമാഗതമാകുന്നത്. ഈ നവവര്‍ഷപ്പുലരിയില്‍ ഓരോ മുസ്‌ലിമും കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങിനെ ചിലവഴിച്ചുവെന്ന് ഒരാത്മ വിചിന്തനം നടത്തുകയും ഈ വര്‍ഷം എങ്ങിനെ വിനിയോഗിക്കണമെന്നതിന് ഒരു ജീവിത മാര്‍ഗ്ഗ രേഖ ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. തിന്മകള്‍ വര്‍ജിച്ചും നന്മകള്‍ ആര്‍ജിച്ചും ഈ ന്യൂഇയര്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കുക.



No comments: