Monday, September 29, 2014

തൊഴുത്തില്‍ കെട്ടുന്ന വാർദ്ധക്യം 

മകള്‍ വൃദ്ധയെ പട്ടിക്കൂടിന് സമീപത്തെ ഷെഡില്‍ പാര്‍പ്പിച്ചു
വട്ടിയൂര്‍കാവ്: ഏക മകളും മരുമകനും ചേര്‍ന്ന് വൃദ്ധയായ അമ്മയെ പട്ടിക്കൂടിന് സമീപത്തെ ഷെഡില്‍ പാര്‍പ്പിച്ചു. നാട്ടുകാരും പോലീസും ഇടപെട്ട് ഇവരെ വീട്ടിനുള്ളിലാക്കി.
*****
തൊണ്ണൂറ്റിയൊന്നുകാരനെ മര്‍ദ്ദിച്ച
് വീട്ടില്‍ നിന്ന് പുറത്താക്കി; മകന്‍ അറസ്റ്റില്‍
കലത്തൂര്‍: ക്രൂരമായി മര്‍ദ്ദിച്ച ശേഷം 91 വയസ്സുള്ള അച്ഛനെ തെരുവില്‍ തള്ളിയ മകനെ വയോജന സംരക്ഷണ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
*****
പ്രായമായ അമ്മയെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: വീട്ടില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ എണ്‍പത്തിരണ്ട് വയസ്സുള്ള സ്ത്രീയെ വനിതാ പോലീസ് ആസ്പത്രിയിലാക്കി.
*****
സ്വന്തം മക്കളുടെ ഭാഗത്ത് നിന്ന് പ്രായമായ മാതാപിതാക്കള്‍ക്ക് നേരെ കേരളത്തില്‍ വര്‍ധിച്ചുവരുന്ന അതിക്രൂരമായ പീഡനങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ ചേര്‍ത്ത പത്രവാര്‍ത്തകള്‍. സമൂഹ മനഃസാക്ഷിയെ നടുക്കുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഓരോ ദിവസവും കൂടുകയാണ്.
വയസ്സായവരെ കന്നുകാലികളോടൊപ്പം തൊഴുത്തില്‍ കെട്ടാന്‍ പോലും മടിയില്ലാത്തവരായി മലയാളികള്‍ മാറിയിരിക്കുന്നു. വരന്തരപ്പിള്ളിയില്‍, മക്കള്‍ കയ്യൊഴിഞ്ഞ് വീടിന് പിറകിലെ തൊഴുത്തില്‍ രണ്ടു വര്‍ഷത്തോളമായി ഇരുട്ടും ദുര്‍ഗന്ധവും സഹിച്ച് നരകയാതന അനുഭവിച്ച വള്ളിക്കുട്ടി എന്ന 107 വയസ്സുകാരിയായ അമ്മയുടെ ദുരിതകഥ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 90 വയസ്സ് കഴിഞ്ഞ പെറ്റമ്മയെ വീട്ടിനുള്ളില്‍ കിടത്താതെ, മക്കള്‍ ആട്ടിന്‍തൊഴുത്തില്‍ കിടത്തിയ സംഭവം കുളത്തൂപ്പുഴയില്‍ ഉണ്ടായി.
നമ്മുടെ രാജ്യത്ത് വയോജനങ്ങളുടെ എണ്ണം വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. യു.എന്‍. പോപ്പുലേഷന്‍ ഫണ്ട് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 9 കോടിയാണ് ഇന്ത്യയിലെ വൃദ്ധ ജനസംഖ്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനം കേരളമാണ്. തിരുവനന്തപുരം പോപ്പുലേഷന്‍ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ സര്‍വെ പ്രകാരം നമ്മുടെ സംസ്ഥാനത്ത് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 40.2 ലക്ഷം പേരാണ്. ഇത് ജനസംഖ്യയുടെ 12.5% വരും.
വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച്, അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും കൂടുകയാണ്. സ്വന്തം വീട്ടിലാണ് വയോജനങ്ങളില്‍ വലിയൊരു പങ്കും പീഡനത്തിന് ഇരയാകുന്നത് എന്നതാണ് ഏറെ ദയനീയം. “ഹെല്‍പ്പേജ് ഇന്ത്യഭ, എന്ന സംഘടനയുടെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം വയോജനങ്ങളില്‍ 23%വും സ്വന്തം കുടുംബത്തില്‍ പീഡനം അനുഭവിക്കുന്നവരാണ്. സ്വന്തം വീട്ടില്‍ ഒരു വിധത്തിലുമുള്ള പരിഗണനയും ലഭിക്കാതെയാണ് 79% വൃദ്ധരും കഴിയുന്നത്. പ്രായമായവരില്‍ 76% പേരാകട്ടെ, ബന്ധുക്കളുടെ മാനസിക പീഡനത്തിന് ഇരയാകുന്നവരാണ്. സ്വന്തം വീട്ടില്‍ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന വയോജനങ്ങള്‍ 39% വരും. ദിവസവും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന വൃദ്ധര്‍ 35 ശതമാനമാണ്. വൃദ്ധരായ മാതാപിതാക്കളില്‍ 39% പേര്‍ മരുമകളുടെ പീഡനത്തിന് വിധേയരാകുമ്പോള്‍, 38% പേര്‍ സ്വന്തം മകന്‍റെ അതിക്രമങ്ങള്‍ക്കാണ് ഇരകളാകുന്നത്. എന്നാല്‍, ഇത്തരം പീഡനങ്ങള്‍ക്ക് ഇരകളാകുന്ന 70% വൃദ്ധരും ഇക്കാര്യം പുറത്ത് പറയുന്നില്ലെന്നും പഠനം പറയുന്നു. അതായത്, കുടുംബാംഗങ്ങളുടെ പീഡനം അനുഭവിക്കുന്ന വയോജനങ്ങളുടെ സങ്കടങ്ങള്‍ പലപ്പോഴും അവരുടെ കിടപ്പ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്!
കുടുംബത്തിലെ അവഗണനയും പീഡനവും സഹിക്കാവുന്നതിലുമധികമാവുമ്പോള്‍ വൃദ്ധമന്ദിരങ്ങളില്‍ അഭയം തേടുന്ന വയോജനങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റവും പുതുതലമുറയുടെ സ്വാര്‍ത്ഥതയും മൂലം പ്രായമായവരെ വൃദ്ധസദനങ്ങളിലാക്കുന്ന ശീലവും കൂടിയിരിക്കുന്നു. അതുകൊണ്ടുതന്നെ വൃദ്ധമന്ദിരങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് കൂണുകള്‍ പോലെ മുളച്ചുപൊന്തുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഹൈടെക് വൃദ്ധമന്ദിരങ്ങള്‍ മാത്രമല്ല, വ്യാജ വൃദ്ധസദനങ്ങളും കേരളത്തില്‍ പെരുകുകയാണ്. വൃദ്ധമന്ദിരങ്ങളുടെ മറവില്‍ മൃതദേഹക്കടത്ത് വരെ നടക്കുന്നതായ പരാതികള്‍ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. പ്രായം ചെന്നവരെ ആസ്പത്രികളില്‍ തള്ളി ചുമതല തീര്‍ക്കുന്ന ബന്ധുക്കളും കുറവല്ല. സംസ്ഥാനത്തെ വിവിധ ജനറല്‍ ആസ്പത്രികളിലായി 200ഓളം വയോജനങ്ങള്‍ അനാഥരായി കഴിയുന്നുണ്ട് എന്നാണ് കണക്ക്. മക്കളും ബന്ധുക്കളും ചികിത്സക്കായി എത്തിച്ചവരാണ് ഇവരിലേറെയും. എന്നാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളാരും എത്താത്തതിനാല്‍ ഇവര്‍ ആശുപത്രികളില്‍ അനാഥരായി കഴിയുകയാണ്.
വയോജനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയ പശ്ചാത്തലത്തിലാണ് 2007ല്‍ “മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമുള്ള നിയമംഭപ്രാബല്യത്തില്‍ വന്നത്. ഈ നിയമപ്രകാരം മാതാപിതാക്കള്‍ക്കും, 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും, സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്. “ജീവനാംശംഭഎന്നതില്‍ പണം മാത്രമല്ല, ആഹാരം, വസ്ത്രം, താമസ സൗകര്യം, ചികിത്സ തുടങ്ങി വാര്‍ധക്യ കാലത്ത് ഒരാള്‍ക്ക് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടും. വാര്‍ധക്യകാലത്ത് ശരീര പരിപാലനം, വിനോദം, വിശ്രമം എന്നിവ ലഭിക്കേണ്ടതും ഒരാളുടെ അവകാശമാണ്.
മാതാപിതാക്കളെ മക്കള്‍ വേണ്ടവിധം സംരക്ഷിക്കാതിരുന്നാല്‍, ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കാം. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ 30 ദിവസത്തിനകം ജീവനാംശത്തുക പരാതിക്കാരന് നല്‍കാന്‍ ആര്‍.ഡി.ഒ. ഉത്തരവിടും. ജീവനാംശത്തുക നല്‍കാത്തപക്ഷം എതിര്‍കക്ഷികള്‍ തടവുശിക്ഷ അനുഭവിക്കേണ്ടതായി വരും. മാതാപിതാക്കളുടെ സ്വത്ത് കൈവശപ്പെടുത്തിയ ശേഷം, മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍, ആ ആധാരം അസാധുവാക്കി പ്രഖ്യാപിക്കാനും, മക്കളുടെ പേരില്‍ എഴുതിയ സ്വത്ത് മാതാപിതാക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കള്‍ക്ക് 3 മാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
കേരള സര്‍ക്കാര്‍ രൂപം നല്‍കിയ, “മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാന നയഭത്തിലും, 60 വയസ്സ് കഴിഞ്ഞവരുടെ കുടുംബ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള നിരവധി നിര്‍ദേശങ്ങള്‍ ഉണ്ട്. “വാര്‍ധക്യ കാലം സ്വന്തം വീട്ടില്‍ഭ എന്ന സന്ദേശമാണ് നയം മുന്നോട്ട് വെക്കുന്നത്. അതായത് ഏതൊരാള്‍ വാര്‍ധക്യത്തില്‍ സ്വന്തം കുടുംബത്തില്‍ തന്നെ ജീവിക്കണമെന്ന് നയം വ്യക്തമാക്കുന്നു. മറ്റ് മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലാതെ വരുമ്പോള്‍ മാത്രമേ, ഒരാളെ വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനത്തിലേക്ക് അയക്കാവൂ എന്നും നയം നിര്‍ദേശിച്ചിക്കുന്നു. വയോജന നയം പ്രകാരം, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യത ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമാണ്.
എന്നാല്‍ നിയമങ്ങളും നയങ്ങളും ഉണ്ടായത് കൊണ്ട് മാത്രം വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് സഹായവും, സ്നേഹവും, സാന്ത്വനവും നല്‍കാന്‍ കുടുംബാംഗങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരികാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം തന്നെ പ്രായമായവരുടെ മാനസികാവശ്യങ്ങള്‍ കൂടി നിറവേറ്റാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിയണം. മുതിര്‍ന്നവരും വിവിധ പ്രായവിഭാഗത്തിലുള്ളവരും തമ്മില്‍ ആരോഗ്യകരമായ ആശയ വിനിമയത്തിനുള്ള അവസരം ഒരുക്കണം. വീട്ടില്‍ പ്രായമായവരോടൊപ്പം പരസ്പരം സംസാരിച്ച്, തമാശ പറഞ്ഞും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുമൊക്കെ സമയം ചെലവിടാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കണം.
ദൈനംദിന കുടുംബ കാര്യങ്ങളില്‍ വീട്ടിലെ മുതിര്‍ന്നവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാനിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. പ്രായമായവരുടെ ആഗ്രഹത്തിനും രുചിക്കും ഇണങ്ങിയ ആഹാരം പാചകം ചെയ്ത് അവര്‍ക്ക് നല്‍കണം. നല്ല ക്ഷമയോടും സഹിഷ്ണുതയോടും കൂടി വേണം പ്രായമായവരോട് പെരുമാറാന്‍. അവര്‍ പറയുന്നത് എന്തുമാകട്ടെ, അത് എത്രയോ തവണ പറഞ്ഞതുമാകട്ടെ, അത് ശ്രദ്ധയോടെ കേട്ടിരിക്കാനുള്ള സന്മനസ്സാണ് ബന്ധുക്കളും സുഹൃത്തുക്കളും കാണിക്കേണ്ടത്. കുട്ടികളും പ്രായമായവരും തമ്മില്‍ വീട്ടില്‍ സ്നേഹവും ബഹുമാനവും കലര്‍ന്ന നല്ല ബന്ധം വളര്‍ത്തിയെടുക്കണം. പ്രായമായവരെ ഉള്‍പ്പെടുത്തി കുടുംബയാത്രകള്‍ സംഘടിപ്പിക്കാവുന്നതുമാണ്.
വീട്ടില്‍ വൃദ്ധരെ അലട്ടുന്ന പ്രധാന പ്രശ്നം അനാരോഗ്യമാണ്. മുന്‍കാല രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഇവര്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിമന്‍ഷ്യ, അര്‍ബുദം, അള്‍ഷെമേഴ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരും കുറവല്ല. ഒറ്റപ്പെടുന്നുവെന്ന തോന്നല്‍, കടുത്ത ഏകാന്തത, വിഷാദ രോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഇവരെ അലട്ടുന്നു. രോഗബാധിതരായ വയോജനങ്ങളെ പരിപാലിക്കാന്‍ വീട്ടില്‍ ആളില്ലാതെ വരുന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നം. ഹോം നഴ്സിനെ വെച്ച് മാത്രം പരിഹരിക്കാവുന്ന വിഷയമല്ല ഇത്. വയോജനങ്ങളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം പങ്കിടാന്‍ വീട്ടിലെ ഓരോ അംഗവും തയ്യാറാകണം. രോഗികളായ വയോജനങ്ങള്‍ക്ക് ചികിത്സയും മരുന്നും കൃത്യസമയത്ത് നല്‍കണം. പ്രായാധിക്യം മൂലം വിഷമം അനുഭവിക്കുന്നവരുടെ ആരോഗ്യകരമായ ഇരിപ്പിനും കിടപ്പിനും ചലനത്തിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യപ്രദമായ ആധുനിക ഫര്‍ണീച്ചറുകളും, ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. അവ വീട്ടില്‍ വാങ്ങിവെക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍ക്ക് അത് കൃത്യസമയത്ത് ലഭ്യമാക്കാനും ശ്രദ്ധിക്കണം.
ധാര്‍മികവും സദാചാരപരവുമായ സംസ്കാരം നഷ്ടപ്പെട്ട ഒരു യുവതലമുറ സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. അതിന്‍റെ ഫലമായി വയോജനങ്ങള്‍ അധികപ്പറ്റാണെന്ന മനോഭാവം സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു. “ഉപയോഗിക്കൂ, വലിച്ചെറിയൂഭഎന്ന മുദ്രാവാക്യമുയര്‍ത്തുന്ന ഉപഭോക്തൃ സംസ്കാരത്തിന്‍റെ വക്താക്കളായ ഇവരെ സംബന്ധിച്ചിടത്തോളം, വയോജനങ്ങള്‍ ഉപയോഗിച്ച് തീര്‍ന്ന കറിവേപ്പിലകള്‍ മാത്രമാണ്. ഈ ചിന്താഗതിക്ക് മാറ്റം വരുത്തേണ്ടതുണ്ട്. വയോജനങ്ങളെ സ്നേഹിക്കാനും അവരോട് മാന്യമായി പെരുമാറാനുമുള്ള ധാര്‍മികമായ സംസ്കാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. മനുഷ്യ സ്നേഹത്തിനും കുടുംബ ബന്ധങ്ങള്‍ക്കും വിലകല്‍പിക്കുന്ന ഒരു സമൂഹത്തിലേ വയോജന സംരക്ഷണം പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ, തിന്മയുടെ ലോകത്ത് വഴിതെറ്റുന്ന യുവതലമുറയെ ധാര്‍മികതയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിയണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ പ്രായമായവര്‍ മാതൃകാപരമായി സംരക്ഷിക്കപ്പെടുന്ന വീടുകളിലാണ് യഥാര്‍ത്ഥ കുടുംബ സന്തോഷം കടന്നുവരുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്ക് മറക്കാതിരിക്കാം.

No comments: