Monday, April 1, 2013

ഭൂമി ചുട്ടുപൊള്ളുമ്പോള്‍


ഭൂമി ചുട്ടുപൊള്ളുമ്പോള്‍


Sunday, March 31, 2013






തവനൂര്‍:വടക്കേതില്‍ നാരായണന്‍ നായര്‍ക്ക് ഇത് സന്തോഷ നിര്‍വൃതി. തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസിയായ 88കാരന്‍ നാരായണന്‍ നായര്‍ക്കാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേരളയാത്രാ വേളയില്‍ കൈപ്പിടിച്ച് ഉറപ്പ് നല്‍കിയത്. വാഗ്ദാനങ്ങള്‍ ചൊരിയാന്‍ രാഷ്ട്രീയ തമ്പുരാക്കന്മാരൊക്കെ എത്താറുണ്ടെങ്കിലും പിന്നെ തിരിഞ്ഞു നോക്കാറില്ലെന്നത് നാരായണന്‍ നായര്‍ക്ക് അനുഭവ സാക്ഷ്യം.
എന്നാല്‍ മതപണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ വാഗ്ദാന പാലനത്തിലൂടെ മാതൃക സൃഷ്ടിച്ചിരിക്കയാണ്. പ്രതീക്ഷ നഷ്ടപ്പെട്ട പ്രതീക്ഷാ ഭവനിലെ അഗതികളും അനാഥരുമായ കുരുന്നുകള്‍ക്കും ഇവിടെയെത്തിയ ഉസ്താദിനെ കുറിച്ച് കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ മുമ്പിലെത്തിയ ഗുരുവര്യര്‍ സ്‌നേഹതണലാണെന്ന് അവര്‍ എളുപ്പം തിരിച്ചറിഞ്ഞു. പിന്നെ അവര്‍ ആവലാതികളും ആവശ്യങ്ങളും കാന്തപുരത്തിന് മുമ്പില്‍ നിരത്തുകയായിരുന്നു. കൂട്ടത്തില്‍ നാരായണന്‍നായരാണ് ഉസ്താദേ എന്ന് നീട്ടിവിളിച്ച് തങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടത്. ജീവിതസായാഹ്നത്തില്‍ മക്കളുടെ സ്‌നേഹത്തിനായി കൊതിക്കുന്ന വൃദ്ധ മാതാപിതാക്കളുടെയും ആരോരുമില്ലാത്ത അഗതികളുടെയും അടിയന്തരാവശ്യം കാന്തപുരം ചോദിച്ചറിഞ്ഞു. കുടിവെള്ളം തന്നെയാണ് മുഖ്യപ്രശ്‌നമെന്ന് ഉസ്താദ് തിരിച്ചറിഞ്ഞു. പ്രതീക്ഷാഭവന്‍, മഹിളാമന്ദിരം, റസ്‌ക്യൂ ഹോം, വൃദ്ധമന്ദിരം, ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളിലെ ഇരുനൂറിലേറെ അന്തേവാസികള്‍ക്ക് ഇനി സ്വന്തം കിണറില്‍ നിന്നും വെള്ളം കുടിക്കാം. സമീപ പ്രദേശങ്ങളില്‍ നിന്ന് തലച്ചുമടായി അന്തേവാസികള്‍ തന്നെ വര്‍ഷങ്ങളായി കുടിവെള്ളം കൊണ്ടുവന്നിരുന്ന ദുരവസ്ഥക്ക് ഇതോടെ പരിഹാരമാകുകയാണ്. സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള തവനൂരിലെ അഞ്ച് സ്ഥാപനങ്ങളിലെ അശരണര്‍ക്കായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ സമര്‍പ്പണം നാളെ നടക്കും. ഇരുപത്തി ഏഴ് കോല്‍ താഴ്ച്ചയിലും പതിനാറ് അടി ചുറ്റളവിലും കിണര്‍ നിര്‍മിച്ചതിന് പുറമെ അഞ്ച് സ്ഥാപനങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് മോട്ടോറും നാലായിരം ലിറ്റര്‍ വെള്ളം സൂക്ഷിച്ചുവെക്കുന്നതിനുള്ള ജലസംഭരണിയുമാണ് ഒരുങ്ങിയിട്ടുള്ളത്. ഈ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച മൂന്ന് ലക്ഷം രൂപ സംഘടനയുടെ പ്രവാസി ഘടകമായ ഐ സി എഫിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍, ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്താണ് സ്വരൂപിച്ച് നല്‍കിയത്. പ്രതീക്ഷാഭവന്‍ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ഡോ. കെ ടി ജലീല്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, ബശീര്‍ പറവന്നൂര്‍, സ്വാദിഖ് സഖാഫി, മുഹമ്മദലി വാരിയത്ത്, പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ പ്രസംഗിക്കും.

സഊദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന മലയാളികളെ പുനരധിവസിപ്പിക്കണം: എസ് വൈ എസ്


ഒറ്റപ്പാലം: സ്വദേശിവത്ക്കരണത്തിന്റെ പേരില്‍ സഊദിയില്‍ വരുന്ന മലയാളികളെ പുനരധവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. സ്വദേശിവത്ക്കരണം മൂലം അനേകായിരം മലയാളികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നതോടൊപ്പം നിരവധി കുടുംബങ്ങളുടെ ജീവിതവും വഴി മുട്ടും. സഊദിയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാതെതന്നെ മലയാളികള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിന് സഊദിയില്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രൂക്ഷമായ വരള്‍ച്ചയായ മൂലം കഷ്ടപ്പെടുന്ന ജില്ലയിലെ കര്‍ഷകരെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും പ്രമേയത്തിലൂടെ പ്രതിനിധിസമ്മേളനം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. പറമ്പിക്കുളം – ആളിയാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹമായ വെള്ളം ലഭ്യമാക്കി കിഴക്കന്‍മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലയില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം.
ധര്‍മ്മ പതാകയേന്തുക എന്ന പ്രമേയവുമായി എസ വൈ എസ് പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനം പ്രസിഡണ്ട് എന്‍.കെ.സിറാജുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ മുഖ്യ കാര്യദര്‍ശി എം പി അബ്ദുള്‍ റഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
സഈദ് കൈപ്പുറം വാര്‍ഷിക റിപ്പോര്‍ട്ടും പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുള്‍ റഹ്മാന്‍ ദാരിമി പുനഃസംഘടനക്ക് നേതൃത്വം നല്‍കി.സുലൈമാന്‍ ചുണ്ടമ്പറ്റ,നൂര്‍ മുഹമ്മദ് ഹസ്‌റത്ത്, നൂര്‍ മുഹമ്മദ് ഹാജി, ഉമര്‍ മദനി, ഉമര്‍ ഓങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.സാരഥികള്‍: എന്‍ കെ സിറാജുദ്ദീന്‍ ഫൈസി (പ്രസിഡന്റ്), എം വി സിദ്ദീഖ് സഖാഫി (ജനറല്‍ സെക്രട്ടറി), പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ (ട്രഷറര്‍), കെ ഉണ്ണീന്‍ കുട്ടി സഖാഫി (സംഘടനാ കാര്യ വൈസ് പ്രസിഡന്റ്), യു എ മുബാറക് സഖാഫി (ഭരണ കാര്യ വൈസ് പ്രസിഡന്റ്), കെ ഉസ്മാന്‍ സഖാഫി (ദഅ്‌വാ കാര്യ വൈസ് പ്രസിഡന്റ്), ടി അബ്ദുള്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ക്ഷേമ കാര്യ വൈസ് പ്രസിഡന്റ്),സുലൈമാന്‍ ചുണ്ടമ്പറ്റ (സംഘടനാ കാര്യ സെക്രട്ടറി), അശ്‌റഫ് മമ്പാട് (ഭരണകാര്യ സെക്രട്ടറി), എം എ നാസര്‍ സഖാഫി (ദഅ്‌വാ കാര്യ സെക്രട്ടറി), പി അലിയാര്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സെക്രട്ടറി),സമാപന സമ്മേളനം എന്‍ കെ സിറാജുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്തഃ ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഉപാധ്യക്ഷന്‍മാരായ കൂറ്റമ്പാറ അബ്ദുള്‍ റഹ്മാന്‍ ദാരിമി,മാരായമംഗലം അബ്ദുള്‍ റഹ്മാന്‍ ഫൈസി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. യു എ മുബാറക് സഖാഫി,ഉമര്‍ ഫൈസി മാരായമംഗലം,മുസ്ഥഫ ആറ്റാശ്ശേരി,സഈദ് കൈപ്പുറം,സുലൈമാന്‍ ചുണ്ടമ്പറ്റ, എം എ നാസര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.


പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ പദ്ധതി


പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ പദ്ധതി

മലപ്പുറം: ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശീലന പരിപാടികള്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകള്‍, ഫാമിലി ഓറിയന്റേഷന്‍ ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടതായിരിക്കും പദ്ധതി.
ഇതിനായി ജര്‍മനിയിലെ ഹാംബര്‍ഗ് ആസ്ഥാനമായുള്ള യുനെസ്‌കൊ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗിന്റെ പിന്തുണയോടെ മഅ്ദിന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്റര്‍ ആരംഭിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ പരിപോഷിപ്പിക്കുകയും മികച്ച തൊഴിലും ജീവിത നിലവാരവും കണ്ടെത്താന്‍ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ പറഞ്ഞു.
ഭാഷാ നൈപുണ്യവും തൊഴില്‍ പരിശീലനവും നല്‍കി അഭിരുചിക്കനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്താന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്ററിലൂടെ കഴിയും. നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെക്കൂടി ഉള്‍പ്പടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. തൊഴില്‍ പരിശീലനം നല്‍കുന്നതിന് പോളിടെക്‌നിക്, ഐ ടി ഐ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ഇംഗ്ലീഷ് വില്ലേജ്, ലാംഗ്വേജ് റിസോഴ്‌സ് സെന്റര്‍, സ്‌കൂളുകള്‍ തുടങ്ങിയ മഅ്ദിന്‍ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഓട്ടോ മൊബൈല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനൊപ്പം മെക്കട്രോണിക്‌സ് പോലുള്ള പുത്തന്‍ പഠന മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകളുമുണ്ടാകും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ചെറുകിട – കുടില്‍ വ്യവസായങ്ങളെയും നിക്ഷേപ രംഗത്തെയും കുറിച്ച് അവബോധമുണ്ടാക്കാനും പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. ഇടക്കാലത്ത് പഠനം അവസാനിപ്പിച്ച പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കി പരീക്ഷയെഴുതാനുള്ള സാഹചര്യവുമുണ്ടാക്കും. ഇതോടൊപ്പം, ഗള്‍ഫിനപ്പുറം മറ്റു രാജ്യങ്ങളിലെ ജോലി സാധ്യതകളെപ്പറ്റി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. പ്രവാസി പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ 9048140233 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Saturday, March 30, 2013


എസ് എസ് എഫ്‌ സമര ജാഗരണ യാത്രക്ക് നാളെ തുടക്കം



കോഴിക്കോട്: ‘സമരമാണ് ജീവിതം’ എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം 26, 27 ,28 തീയതികളില്‍ എറണാകുളം രിസാല സ്‌ക്വയറില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള സമര ജാഗരണ യാത്രക്ക് നാളെ തുടക്കം. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് നിന്നും ആരംഭിക്കുന്ന യാത്രകള്‍ അടുത്ത മാസം ഏഴിന് തിരൂരങ്ങാടിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.

സാമൂഹിക തിന്മകളും സാമ്പത്തിക കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ധര്‍മവും സദാചാരവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമര ജാഗരണ യാത്ര. സംസ്ഥാനത്തെ 87 കേന്ദ്രങ്ങളില്‍ യാത്രയുടെ ഭാഗമായുള്ള പൊതുസമ്മേളനങ്ങളില്‍ പ്രമേയ വിശദീകരണ പ്രഭാഷണങ്ങള്‍ നടക്കും.
തിരുവനന്തപുരം നെടുമങ്ങാട്ടു നിന്നാരംഭിക്കുന്ന യാത്രക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയും കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്രക്ക് ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാമും നേതൃത്വം നല്‍കും. എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ മുഹമ്മദ് തുറാബ് തങ്ങള്‍ തിരുവനന്തപുരത്ത് പതാക നല്‍കി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ്‌വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ആലി മുസ്‌ലിയാരെ സ്മരിച്ചുകൊണ്ട് ഏഴിന് തിരൂരങ്ങാടിയില്‍ നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സുരക്ഷിതമായ സാമൂഹിക, കുടുംബ ജീവിതം നിലനിര്‍ത്താന്‍ ധര്‍മവും നീതിയും സംരക്ഷിക്കപ്പെടുകയും സാമൂഹിക തിന്‍മകള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് സമര ജാഗരണ യാത്രയില്‍ എസ് എസ് എഫ് ബോധവത്കരണം നടത്തും.



Friday, March 29, 2013


ആന്‍ഫ്രാങ്കും മലാലയും






രണ്ടാംലോക മഹായുദ്ധകാലത്ത് നാസികളുടെ മൃഗതുല്യമായ ക്രൂരതകള്‍ പുറം ലോകത്തിലെത്തിച്ച ജൂതപെണ്‍കുട്ടി ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പും സമകാലിക ലോകത്ത് അത്യന്തം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ച മലാല യൂസുഫ് സായിയുടെ ഗുല്‍മകായ് ഡയറിയും ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് ഭാവിയില്‍ പ്രചോദനമാവേണ്ട ചില പാഠങ്ങള്‍ അതിലുണ്ട്.
    ആര്യവര്‍ഗത്തിന്റെ ചോദ്യം ചെയ്യാനാവാത്ത മേല്‍ക്കോയ്മ മുറുകെപിടിച്ച്, ജര്‍മനിയിലെ സര്‍വ്വ ജൂതര്‍ക്കും നേരെ ശിക്ഷാ മുറകള്‍ നടപ്പിലാക്കിയ, നാസിസം ഫെയിം അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ഏകാധിപതിയുടെ നിഷ്ഠൂരമുഖം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച്, ജൂത സമൂഹത്തിന് ലോകത്തിന് മുന്നില്‍ സഹതാപ തരംഗം വാങ്ങിക്കൊടുത്ത ആന്‍ഫ്രാങ്കിന് ധീരപരിവേശം നല്‍കിയ ആ ഡയറിക്കുറിപ്പുകളാണ് പിന്നീട് ഇസ്രയേലിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. പലസ്തീന്‍ മുസ്ലിംകളുടെ നെഞ്ചത്തേക്കാണ് ആന്‍ഫ്രാങ്കിന്റെ പേനത്തുമ്പ് സയണിസ്റുകള്‍ കുത്തിത്താഴ്ത്തിയത്. ആന്‍ഫ്രാങ്ക് തൊടുത്തുവിട്ട സഹതാപതരംഗത്തെ ലോകരാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും അങ്ങനെ അവരുടെ ആശീര്‍വാദത്തോടെ ഫലസ്തീന്‍ മുസ്ലിംകളെ അവരുടെ ജ•ഗേഹത്തില്‍ നിന്ന് തുരുത്തിയോടിച്ച് പുതിയൊരു രാഷ്ട്രരൂപീകരണം നടത്തുകയും ചെയ്തു. ജറുസലേമിലെ പുണ്യത്തിന്റെ പേരുപറഞ്ഞ് മറ്റു രാഷ്ട്രങ്ങളെ ത്വരിതഗതിയില്‍ തങ്ങളുടെ കൈക്കലാക്കിയ ഇസ്രയേല്‍ എന്ന രാഷ്ട്രം അവരുടെ തന്ത്രത്തിന്റെ ഫലമായിരുന്നു.
         തഥൈവ അടുത്തകാലത്ത് ആഗോള വ്യാപകമായി ചര്‍ച്ചചെയ്ത ഗുല്‍മകായ് ഡയറിക്കുറിപ്പ് പക്ഷേ, നമുക്ക് വേണ്ടത്ര ഉപയോഗിക്കാനായില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് പ്രവാചകരും അനുയായികളുമെന്നും അവര്‍ ലോകത്ത് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടില്ലെന്നും പറയാനല്ലാതെ അത് പ്രയോഗവത്കരിക്കാന്‍ നമുക്കായിട്ടില്ല. എന്തുകൊണ്ടോ പ്രവാചകരെപ്പോലെ ലോകത്തിനാകെ കാരുണ്യമാണ് മുസ്ലിംകള്‍ എന്ന് പറയിപ്പിക്കാന്‍ നമുക്കായില്ല. നമുക്കിടയില്‍ ഒരല്പം പേരുകിട്ടിയത് താലിബാന്‍ തീവ്രവാദികള്‍ക്കാണ്. ഇതിന് പകരം ഭക്തരായ മുസ്ലിംകളുടെ ഒരുകൂട്ടം നമ്മുടെ കൂട്ടത്തില്‍ നിന്നുടലെടുക്കണം; ലോകത്തിനാകെ ന• ചൊരിഞ്ഞ്. അങ്ങനെ പേരുകേട്ട ഒരു സംഘം പോലുമില്ല. മുസ്ലിംകള്‍ക്ക് പൊള്ളുമ്പോള്‍ പ്രതിഷേധത്തിനിറങ്ങുന്ന നമ്മള്‍ മറ്റുള്ളവര്‍ക്കേല്‍ക്കുന്ന പൊള്ളലും പ്രതിഷേധാര്‍ഹവും അപലനീയവുമാണെന്ന് മനസ്സിലാക്കി മനസ്സ് വിരിച്ചു നില്‍ക്കുന്നത് എന്നായിരിക്കും?
മുഹമ്മദ് നൌഫല്‍ ഇ പി, മടവൂര്‍

എന്തുകൊണ്ടാണ് സഊദി തൊഴില്‍ മന്ത്രി നല്ലൊരു മാതൃകയാവുന്നത്?



നമുക്കീ ഭരണാധികാരിയെ വെറുക്കാതിരിക്കുക. കാരണം സ്വന്തം പ്രജകളുടെ ചോരയൂറ്റിക്കുടിക്കുന്ന ഇന്ത്യന്‍ രാജാക്കന്മാ  രില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനാണിദ്ദേഹം. തനിക്കെതിരു നില്‍ക്കുന്ന സ്വന്തം നാട്ടിലെ വന്‍കിട ബിസിനസ്സ് സാമ്രാട്ടുകളോട് അദ്ദേഹം പറഞ്ഞത് : “നിങ്ങളുടെ നിഷേധാത്മകമായ മനോഭാവം മാറ്റിയേ മതിയാവൂ” എന്നാണ്. അപ്പോള്‍ പിന്നെ സഊദികളായ തൊഴില്‍രഹിതരുടെ വന്‍പടയെ മറന്ന് എന്നും നമ്മെ തീറ്റിപ്പോറ്റണമെന്ന് എങ്ങനെ നമുക്കദ്ദേഹത്തോട് ശാഠ്യം പിടിക്കാന്‍ കഴിയും?
കെ സി ശൈജല്‍

      സഊദി അറേബ്യയെ അടിമുടി മാറ്റിമറിക്കുന്ന ഒരു വന്‍ വിപ്ളവത്തിന്റെ തേര് തെളിക്കുകയാണ് ഇന്ന് തൊഴില്‍ വകുപ്പ് മന്ത്രി ആദില്‍ ഫഖീഹ്. സ്വതസിദ്ധമായ സൌമ്യതയോടെ ഒരു വര്‍ഷം മുമ്പ് അദ്ദേഹം ‘നിതാഖാത്’ എന്നൊരു തൊഴില്‍- വ്യാവസായിക നവീകരണ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിത്ര വലിയ ഒരു വിപ്ളവത്തിന്റെ ശംഖൊലിയായിരിക്കുമെന്ന് അധികമാരും കരുതിയിരുന്നില്ല.
   സാധാരണക്കാരായ പ്രവാസികളും അസാധാരണക്കാരായ സ്വദേശി വ്യവസായ പ്രമുഖരും ഒരേ പോലെ നിന്ന് വിയര്‍ക്കുകയാണ് ആദില്‍ ഫഖീഹിന്റെ പരിഷ്കരണ പ്രഖ്യാപനങ്ങള്‍ക്കു മുമ്പില്‍. എന്നാല്‍ അതി ശക്തമായ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചുകൊണ്ട് 2013 മാര്‍ച്ചോടുകൂടി ‘നിതാഖാത്ത്’ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സഊദി വത്കരണം എന്ന വിപ്ളവത്തിന്റെ രഥം മുന്നോട്ടു തന്നെ എന്നാണ് ഇതിന്റെ ഒന്നാമത്തെ അര്‍ത്ഥം. കടുത്തതെങ്കിലും പരിഷ്കരണം ഒരു വിപരീതമായ യാഥാര്‍ത്ഥ്യം ആണെന്നും അതംഗീകരിച്ചേ മതിയാകൂ എന്നും ഇതിന്റെ രണ്ടാമത്തെ അര്‍ത്ഥം.
   ’എന്തുകൊണ്ട് പരിഷ്കരണം’ എന്ന ചോദ്യം എണ്‍പത് ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹം ആവര്‍ത്തിച്ചുന്നയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും കുറഞ്ഞത് ഇന്ത്യന്‍ ഡയസ്പോറയെ സംബന്ധിച്ചിടത്തോളമെങ്കിലും ഒട്ടും അപരിചിതമായ ഒന്നല്ല പരിഷ്കരണം എന്ന ‘കടുപ്പമേറിയ’ പദം. കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങളായി നാടു തന്നെ വിറ്റു തുലയ്ക്കുകയും മഹാഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളെ വരിഞ്ഞു മുറുക്കികൊല്ലാതെ കൊല്ലുകയും ചെയ്യുന്ന പുത്തന്‍ സാമ്പത്തിക നയത്തിന്റെ പേരുതന്നെ പരിഷ്കരണം എന്നാണല്ലോ. പക്ഷേ, ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ശതകോടീശ്വര•ാരുടെ എണ്ണം ഇരട്ടിപ്പിക്കുകയും ചെയ്യുന്ന ഡെമോക്രാറ്റിക് ഇന്ത്യന്‍ സാമ്പത്തിക പരിഷ്കരണത്തെ അപഹാസ്യതയുടെ പടുകുഴിയില്‍ തള്ളുന്ന താരതമ്യമാണ് മൊണാര്‍ക്കിക് സഊദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന തൊഴില്‍ വ്യവസായിക പരിഷ്കരണത്തില്‍ ദൃശ്യമാകുക. സ്വദേശികളും വിദേശികളുമുള്‍പ്പെടുന്ന വ്യാവസായിക പ്രഭുക്കന്മാ രുടെ സാമ്പത്തിക താല്‍പര്യങ്ങളെ അതിവര്‍ത്തിക്കുകയും സ്വന്തം ജനതയുടെ ഉന്നമനം മാത്രം ലാക്കാക്കുകയും ചെയ്യുന്ന നടപടികളാണ് ആദില്‍ ഫഖീഹിന്റെ നിതാഖാത്ത് പരിഷ്കരണങ്ങളെ വേറിട്ടു നിര്‍ത്തുന്നത്.
   ഇരുപത് ലക്ഷത്തോളം വരുന്ന തൊഴില്‍ രഹിതരായ സഊദി യുവതയെക്കുറിച്ചുള്ള ആധി – ഇതൊന്നുമാത്രമാണ് ആദില്‍ ഫഖീഹിനെയും അദ്ദേഹത്തിന്റെ പരിഷ്കരണ നയങ്ങളെയും നിയന്ത്രിക്കുന്നത്; അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അത്യന്തം ഗൌരവത്തോടെ സമീപിക്കേണ്ട ഒരു പ്രശ്നമാണ് ഇത്ര ഉയരത്തിലെത്തി നില്‍ക്കുന്ന തൊഴില്‍ രഹിതരായ സ്വദേശി യുവതീ യുവാക്കളുടെ സംഖ്യ എന്ന് തിരിച്ചറിയുകയും തികച്ചും ദീര്‍ഘദര്‍ശിത്വത്തോടു കൂടിയ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു നടപ്പിലാക്കുകയും ചെയ്തു എന്നതാണ് ആദില്‍ ഫഖീഹ് എന്ന ഭരണാധികാരിയുടെ വിജയം; സഊദി അറേബ്യയുടെ പ്രഗത്ഭനായ സാരഥി കിംഗ് അബ്ദുല്ലയുടെ പൂര്‍ണ പിന്തുണയാണ് അദ്ദേഹത്തിന്റെ കരുത്ത്.
   തൊഴിലാളികളില്‍ സഊദി പൌരന്മാരുടെ പ്രാതിനിധ്യത്തിന്റെ തോതനുസരിച്ച് (മുപ്പത് ശതമാനം വരെ) സ്വകാര്യ കമ്പനികളെ ക്ളാസിഫൈ ചെയ്യുകയും അപകടകരമാം വിധം സ്വദേശി- വിദേശി അനുപാതത്തില്‍ പിന്നാക്കം നില്‍ക്കുന്ന കമ്പനികളെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന നിതാഖാത്ത് പദ്ധതിയോടെയാണ് സ്വദേശിവത്കരണ പരിഷ്കരണ നപടികള്‍ക്ക് എഞ്ചിനീയര്‍ ആദില്‍ ഫഖീഹ് തുടക്കമിട്ടത്.
     ചുവപ്പ് പട്ടികയില്‍പെടുന്ന കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും നിയമപരമായ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്നതാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിതാഖാത്തിന്റെ പ്രത്യാഘാതം. കുറഞ്ഞ കൂലിക്ക് ലഭിച്ചിരുന്ന വിദേശികളായ (അടിമ) തൊഴിലാളികള്‍ക്കു പകരം, ഗണ്യമായ തോതില്‍ സ്വദേശികളെ ജോലിക്ക് വെക്കേണ്ടി വരുമെന്നും അവര്‍ക്ക് മികച്ച വേതന തൊഴില്‍ വ്യവസ്ഥകള്‍ നല്കേണ്ടി വരുമെന്നുമുള്ളത് തൊഴിലുടമകളെയും വലക്കുന്നു. ഒരു ഭരണകൂടം കൈക്കൊള്ളുന്ന ഏതൊരു നടപടിയും അന്നാട്ടിലെ ഏറ്റവും കഷ്ടപ്പെടുന്ന സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ച ശേഷമേ നല്ലതോ ചീത്തയോ എന്ന് വിലയിരുത്താന്‍ പാടുള്ളൂ എന്ന് ഉദ്ബോധിപ്പിച്ചത് സഊദി രാജവംശസ്ഥാപകനായ കിംഗ് അബ്ദുല്‍ അസീസ് അല്ല, ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്. പെട്രോളിയം വില എത്രയായിരിക്കണമെന്ന് എണ്ണക്കമ്പനികള്‍ തന്നെ തീരുമാനിക്കട്ടെ എന്ന നിലയ്ക്കുള്ള തീരുമാനങ്ങളാണ് അഭിനവ ഗാന്ധിയന്മാര്‍ കൈക്കൊള്ളുന്നതെങ്കില്‍ ആധുനിക സഊദി ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങള്‍ പ്രവാസികളോ അവരുടെ തണലില്‍ ജീവിക്കുന്നവരോ ആയ ഇന്ത്യക്കാരെയും പാക്കിസ്താന്‍കാരെയും എങ്ങനെ ബാധിക്കുമെന്നോ വന്‍കിട മുതലാളിമാരെ എവ്വിധം ആയാസപ്പെടുത്തുമെന്നോ നോക്കിയല്ല, മറിച്ച് സ്വന്തം നാട്ടുകാര്‍ക്ക് അത് എത്രമേല്‍ അനിവാര്യമാണ്, എത്രമാത്രം പ്രയോജനപ്രദമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. വെറും ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ സഊദി പൌരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്ന് ആദില്‍ ഫഖീഹ് പ്രഖ്യാപിക്കുമ്പോള്‍ എല്ലാ നഷ്ടങ്ങളും പരിഭവങ്ങളും മാറ്റിവച്ച് നാം ആ മിടുക്കനായ ഭരണാധികാരിക്ക് ഒരു ബിഗ് ഷെയ്ക്ക്ഹാന്‍ഡ് നല്‍കിയേ മതിയാകൂ. പരിഷ്കരണ പദ്ധതികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ സഊദിക്കാര്‍ക്ക് മോശമല്ലാത്ത തോതിലെങ്കിലും തൊഴില്‍ നല്‍കി ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നത് 30 ശതമാനം കമ്പനികള്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് അറുപത് ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു കഴിഞ്ഞു. എന്നിട്ടും ഒരൊറ്റ സഊദി പൌരനെ പോലും ജോലിക്കു വെക്കാത്ത 340000 കമ്പനികള്‍ സഊദി അറേബ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ എത്രമാത്രം അനാരോഗ്യകരമായ ഒരു ദേശീയ തൊഴില്‍ – വ്യാവസായിക ദശാസന്ധിയില്‍ നിന്നാണ് ആദില്‍ ഫഖീഹ് എണ്ണസമ്പന്നമായ മാതൃരാജ്യത്തെ കരകയറ്റിയതെന്ന് വ്യക്തമാകും.
    സഊദി യുവാക്കളെ തൊഴില്‍ സജ്ജരാക്കുന്ന ‘ഹാഫിസ് പദ്ധതി’, തൊഴിലന്വേഷകരെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ലിഖായത്ത് പദ്ധതി’, നിതാഖാത്തിനോട് പൊരുത്തപ്പെടാതെ നില്‍ക്കുന്ന കമ്പനികള്‍ക്കുമേല്‍ ചുമത്തിയ പ്രതിവര്‍ഷ 2400 റിയാല്‍ എക്സ്പാറ്റ് ലെവി, 65ന് മുകളിലുള്ള (പ്രവാസി) ജോലിക്കാരുടെ നിര്‍ബന്ധിത റിട്ടയര്‍മെന്റ് എന്നിങ്ങനെ പരിഷ്കരണ നടപടികള്‍ തീവ്രമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ നിതാഖാത്തിന്റെ കൂടുതല്‍ കര്‍ക്കശവും തീര്‍ത്തും സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നതുമായ എസ്എംഇ ഘട്ടം 2013 മാര്‍ച്ച് രണ്ടാം വാരത്തോടെ ആരംഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട, ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങള്‍ ഏറ്റവും ചുരുങ്ങിയത് ഒരു സഊദി പൌരനെയെങ്കിലും ജീവനക്കാരനായി നിയമിച്ചില്ലെങ്കില്‍ സ്ഥാപനം റെഡ് ലിസ്റ് ചെയ്യപ്പെടുന്നതാണ്. ബഖാലകള്‍ എന്നറിയപ്പെടുന്ന അനാദിപ്പീടികകള്‍ മുതലുള്ള കൊച്ചു കൊച്ചു കടകള്‍ നടത്തുന്നവരോ അവിടെ പണിയെടുക്കുന്നവരോ ആയ സാധാരണക്കാരായ ‘ഗള്‍ഫുകാരുടെ’ വയറ്റത്തടിക്കുന്ന തീരുമാനമാണിത്. എന്നാല്‍ കാര്യങ്ങള്‍ ഇവിടെ കൊണ്ടും അവസാനിക്കില്ല എന്നാണ് മന്ത്രാലയത്തിന്റെ നയസമീപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
    സോഷ്യല്‍ മീഡിയകളുടെയും മറ്റും അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു 2400 റിയാല്‍ ലെവി. കമ്പനികള്‍ക്കു മേലാണ് ഈ അധികനികുതി ചുമത്തപ്പെട്ടതെങ്കിലും സാധാരണക്കാരായ തൊഴിലാളികളെയാണ് ഫലത്തില്‍ ഇത് ഏറെ ദോഷകരമായി ബാധിക്കുന്നത്. അധിക നികുതി ഉടന്‍ പിന്‍വലിക്കും എന്ന കിംവദന്തികള്‍ പ്രതീക്ഷാ പൂര്‍വം പരന്നുവെങ്കിലും “ഇര്‍റിവേര്‍സിബ്ള്‍” എന്നാണ് ആദില്‍ ഫഖീഹ് ഒടുവില്‍ പ്രഖ്യാപിച്ചത്. പ്രവാസി സംഘടനകളും വാണിജ്യകൂട്ടായ്മകളും മുതല്‍ സര്‍വാദരണീയനായ സഊദി ഗ്രാന്റ് മുഫ്തി വരെ എതിരഭിപ്രായങ്ങള്‍ ഉയര്‍ത്തിയിട്ടും മന്ത്രി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ്. “കൂടുതല്‍ കഠിനമായ തീരുമാനങ്ങള്‍ ആശ്ളേഷിക്കാന്‍ കാത്തിരിക്കുക” എന്ന ചേംബര്‍ ഓഫ് കൊമേര്‍സ് & ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സാലെ കമാലിന്റെ നിരാശാപൂര്‍ണ്ണമായ വാക്കുകളില്‍ എല്ലാമടങ്ങിയിരിക്കുന്നു. എന്നാല്‍ ആദില്‍ ഫഖീഹിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ സുതാര്യവും സുവ്യക്തവുമാണ്. “രാഷ്ട്രത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് 2400 റിയാല്‍ അധിക നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ സഊദിയുവാക്കള്‍ക്കും യുവതികള്‍ക്കും ജോലി ലഭിക്കുവാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. ഫോറിന്‍ ലേബര്‍ കോസ്റ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ ആത്യന്തികമായി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ തുറന്നുകൊടുക്കുവാന്‍ സാധിക്കുകയുള്ളൂ.” തൊഴില്‍ വകുപ്പ് മന്ത്രി വിശദീകരിക്കുന്നു.
    “വിദേശ ജോലിക്കാരെ പുറന്തള്ളി നമ്മുടെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ജോലി നല്‍കുന്ന തരത്തിലുള്ള ഒരു തൊഴില്‍ വിപ്ളവം രാജ്യത്ത് അനിവാര്യമാണെന്ന് ആദില്‍ ഫഖീഹിന് ഉറച്ച ബോധ്യമുണ്ട്. ഇത് സാധ്യമാകണമെങ്കില്‍ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന പ്രവാസികള്‍ക്കു വേണ്ടി തുറന്നുവച്ച വാതിലുകള്‍ ഘട്ടം ഘട്ടമായെങ്കിലും അടക്കുക തന്നെ ചെയ്യും എന്ന പൊള്ളുന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ. നമുക്കീ ഭരണാധികാരിയെ വെറുക്കാതിരിക്കുക. കാരണം സ്വന്തം പ്രജകളുടെ ചോരയൂറ്റിക്കുടിക്കുന്ന ഇന്ത്യന്‍ രാജാക്കന്മാരില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനാണിദ്ദേഹം. തനിക്കെതിരു നില്‍ക്കുന്ന സ്വന്തം നാട്ടിലെ വന്‍കിട ബിസിനസ്സ് സമ്രാട്ടുകളോട് അദ്ദേഹം പറഞ്ഞത് : “നിങ്ങളുടെ നിഷേധാത്മകമായ മൈന്‍ഡ്സെറ്റ് മാറ്റിയേ മതിയാവൂ” എന്നാണ്. അപ്പോള്‍ പിന്നെ ഇന്നാട്ടുകാരായ തൊഴില്‍ രഹിതരുടെ വന്‍പടയെ അവഗണിച്ച് എന്നും നമ്മെ തീറ്റിപ്പോറ്റണമെന്ന് എങ്ങനെ നമുക്കദ്ദേഹത്തോട് ശാഠ്യം പിടിക്കാന്‍ കഴിയും?
പ്രാര്‍ത്ഥിക്കുക : ഇതുപോലൊരു തൊഴില്‍ മന്ത്രി ഇന്ത്യയിലുണ്ടായെങ്കില്‍.

മൃഗങ്ങള്‍ക്കും മാലാഖമാര്‍ക്കും മധ്യേ




മലക്കുകള്‍ അറിവിലൂടെ സുരക്ഷിതരായി, ജന്തുക്കള്‍ അജ്ഞതയിലൂടെയും…
മനുഷ്യരാവട്ടെ രണ്ടിനുമിടയില്‍ പാടുപെടുന്നു….”
“മുമ്പ് കാലത്ത് വിഗ്രഹങ്ങളെ ആരാധിക്കുകയും അവക്കുമുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നവരായിരുന്നു അവിശ്വാസികള്‍. പക്ഷേ, ഇപ്പോള്‍ വിധേയത്വത്തില്‍ നമ്മളും അവരോട് സാദൃശ്യം പുലര്‍ത്തുന്നു. നാം മംഗോളിയര്‍ക്കു മുമ്പില്‍ നമ്രശിരസ്കരായി ഊഴം കാത്തു നില്‍ക്കുകയും അതേ സമയം സ്വയം മുസ്ലിംകളായി ഗണിക്കുകയും ചെയ്യുന്നു. ഒപ്പം സ്വന്തം അഹന്തയെ യഥാര്‍ത്ഥ സ്വത്വമായി ധരിച്ചു വശാവുകയും ചെയ്തിരിക്കുന്നു. നമുക്കകത്തും ഒരുപാട് വിഗ്രഹങ്ങളുണ്ട്. ആര്‍ത്തി, അഹംഭാവം, അസൂയ, ദേഹേച്ഛ എന്നിങ്ങനെ.. അവയോരോന്നിനും വിധേയരാണ് നാം. അങ്ങനെ അകത്തും പുറത്തും നമ്മുടെ സ്വഭാവം അവിശ്വാസികളുടേതിനു സമാനമായിരിക്കുന്നു. എന്നിട്ടും നാം സ്വയം മുസ്ലിംകളെന്ന് അഭിമാനിക്കുകയും ചെയ്യുന്നു.”- അമീര്‍ നാഇബ് പറഞ്ഞു.
റൂമി(റ) പ്രതിവചിച്ചു: “എങ്കിലും ചില വ്യത്യാസങ്ങളുണ്ട്. അത്തരം സ്വഭാവങ്ങള്‍ തീര്‍ത്തും നിന്ദ്യമായ തി•യാണെന്ന ബോധം നിങ്ങളുടെ ഉള്ളിലെത്തുന്നുണ്ട്. അഥവാ അത്തരം സ്വഭാവങ്ങള്‍ നിന്ദ്യവും നീചവുമാണെന്ന് ബോധ്യപ്പെടുത്തിത്തരുന്ന ഒന്നിനെ നിങ്ങളുടെ അകക്കണ്ണ് കണ്ടെത്തിയിരിക്കുന്നു. ശുദ്ധവെള്ളം രുചിച്ചവര്‍ക്കേ ഉപ്പുവെള്ളം ഉപ്പുവെള്ളമാണെന്ന് തിരിച്ചറിയാനാവൂ. കാര്യങ്ങളെല്ലാം സുവ്യക്തമാവുന്നത് അവയുടെ വിപരീതങ്ങള്‍ കൊണ്ടാണ്.
അല്ലാഹു നമ്മുടെ ആത്മാവില്‍ വിശ്വാസത്തിന്റെ വെളിച്ചം നിറച്ചിരിക്കുന്നതിനാലാണ് ഇത്തരം സ്വഭാവങ്ങളിലെ നിന്ദ്യത നമുക്ക് കാണാനാവുന്നത്. ന•യോട് മാറ്റുരയ്ക്കുമ്പോഴാണല്ലോ നമുക്കിവ തി•യായി അനുഭവപ്പെടുന്നത്. അവിശ്വാസികളെ നോക്കൂ….അവര്‍ക്കെന്തുകൊണ്ട് സ്വന്തം പരിത സ്ഥിതിയില്‍ ഇവ്വിധമൊരു വേദനയില്ല? വളരെ നല്ലനിലയിലാണ് നാം എന്നു പറഞ്ഞ് സ്വന്തം പരിതസ്ഥിതിയില്‍ ഊറ്റം കൊള്ളുയാണല്ലോ അവര്‍.
നിങ്ങളുടെ ഹൃദയാഭിലാഷങ്ങളെല്ലാം അല്ലാഹു സാക്ഷാത്കരിക്കും. അഭിലഷിക്കുന്നതെന്തോ അതായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. പക്ഷികള്‍ പറക്കുന്നത് ചിറകിലേറിയാണ്; വിശ്വാസികള്‍ അഭിലാഷങ്ങളിലേറിയും….
സൃഷ്ടികള്‍ മൂന്നിനമാകുന്നു: മലക്കുകളാണ് ഒരിനം. അവര്‍ ശുദ്ധമനസ്കരാവുന്നു. അല്ലാഹുവിനെക്കുറിച്ച ഓര്‍മ്മയും(ദിക്റ്) അവനോടുള്ള അനുസരണവും അവനുള്ള ആരാധനയുമാവുന്നു അവരുടെ അന്നവും ജീവിതം തന്നെയും. വെള്ളത്തിലെ മത്സ്യങ്ങളെപ്പോലെയാകുന്നു അവര്‍. മത്സ്യങ്ങളുടെ ശയ്യയും തലയണയുമെല്ലാം വെള്ളം തന്നെയാണല്ലോ…? കാമചോദനകളില്‍ നിന്നെല്ലാം പരിശുദ്ധരാകുന്നു മലക്കുകള്‍. അവയില്‍ നിന്നെല്ലാം സ്വതന്ത്രരായതുകൊണ്ടു തന്നെ അവയുമായുള്ള സംഘര്‍ഷമോ പോരാട്ടമോ മലക്കുകളുടെ ജീവിതത്തിലില്ല. ചികിത്സിക്കാനവര്‍ക്ക് നഫ്സുകളുമില്ല. അവര്‍ അല്ലാഹുവെ സദാ അനുസരിക്കുന്നുവെങ്കിലും വാസ്തവത്തില്‍ അതിനെ അനുസരണമെന്നു വാഴ്ത്താനാവില്ല. കാരണം അതവരുടെ ജ•ഭാവമാകുന്നു. അഥവാ അനുസരിക്കാതിരിക്കാന്‍ മലക്കുകള്‍ക്കാവില്ല.
രണ്ടാമതൊരിനം സൃഷ്ടികള്‍ ജന്തുക്കളാകുന്നു. പൂര്‍ണമായും ഭോഗതൃഷ്ണകളുടെ അടിമകളാകുന്നു അവ. ന•-തി•കള്‍ വ്യവഛേദിച്ചറിയാനുള്ള വിവേചന ശേഷി അവക്കില്ല. അവയുടെ മേലും ബാധ്യതയുടെ ഭാരമില്ല.
പാവം മനുഷ്യരാകുന്നു മൂന്നാമത്തെ വിഭാഗം. വിവേകത്തിന്റെയും വികാരത്തിന്റെയും സമ്മിശ്ര സ്വത്വമാകുന്നു അവന്‍. പാതി മലക്കും പാതി മൃഗവും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ പാതി പാമ്പും പാതി മത്സ്യവും. മത്സ്യം നമ്മെ വെള്ളത്തിലേക്കും പാമ്പ് വരണ്ടുണങ്ങിയ മണ്ണിലേക്കും വലിക്കുന്നു. അവ രണ്ടിനുമിടിയിലെ നിരന്തര സംഘര്‍ഷത്തിലാവുന്നു നാം. വിവേകം വികാരത്തെ അതിജയിക്കുമ്പോള്‍ നാം മലക്കുകളെക്കാള്‍ ഉത്കൃഷ്ടരാവുന്നു. വികാരം വിവേകത്തെ കീഴ്പെടുത്തുമ്പോഴാകട്ടെ നാം ജന്തുക്കളെക്കാള്‍ നികൃഷ്ടരുമായിത്തീരുന്നു.
“മലക്കുകള്‍ അറിവിലൂടെ സുരക്ഷിതരായി,
ജന്തുക്കള്‍ അജ്ഞതയിലൂടെയും…
മനുഷ്യരാവട്ടെ രണ്ടിനുമിടയില്‍
പാടുപെടുന്നു….”
വിവേകത്തെ(ആത്മീയ ശേഷിയെ) വിശ്വാസപൂര്‍വ്വം പിന്തുടര്‍ന്നവര്‍ തീര്‍ത്തും മലക്കുകളെപ്പോലെ ആയിരിക്കുന്നു. അഥവാ പരിശുദ്ധമായ വെളിച്ചമായിത്തീര്‍ന്നിരിക്കുന്നു അവര്‍. അല്ലാഹുവിന്റെ അമ്പിയാക്കളും ഔലിയാക്കളുമാകുന്നു ആ വിഭാഗം. മോഹഭയങ്ങളില്‍ നിന്നെല്ലാം മോചിതരാണവര്‍. “അവര്‍ക്ക് ഭയമോ ദു:ഖമോ ഇല്ല.”(അല്‍ ബഖറ: 38)
മറ്റു ചിലര്‍ വിവേകത്തെ വികാരങ്ങള്‍ക്കടിപ്പെടുത്തുക വഴി ജന്തുക്കളുടെ നിലവാരത്തിലേക്ക് അധ:പതിച്ചിരിക്കുന്നു. ഇനിയും ചിലരാവട്ടെ വിവേകത്തിനും വികാരത്തിന്നുമിടയിലുള്ള നിരന്തര സംഘര്‍ഷത്തിലാണ്. സദാ ഹൃദയ വേദനയിലുള്ള അവര്‍ സ്വന്തം ജീവിതാവസ്ഥയില്‍ ഒരിക്കലും തൃപ്തരല്ല. അവരാകുന്നു വിശ്വാസികള്‍. സമുദ്രത്തിലെ മത്സ്യത്തെപ്പോലെ…ഈ വിശ്വാസികളുടെ വരവും കാത്തിരിക്കുകയാണ് അമ്പിയാക്കളും ഔലിയാക്കളും; അവരെ തങ്ങളോടൊപ്പം പരമമായ ലക്ഷ്യത്തിലേക്കെത്തിക്കാന്‍…മറുഭാഗത്ത് പിശാചും കാത്തിരിക്കുകയാണ്; വിശ്വാസികളെ നരകത്തിലേക്ക് വലിച്ചിഴക്കാന്‍ തക്കം പാര്‍ത്ത്….
* * * * *
ജനങ്ങള്‍ ആത്മജ്ഞാനികള്‍ക്ക് സ്മാരകങ്ങള്‍ പണിയുന്നത് സ്വര്‍ഗം തേടിയോ, പ്രശസ്തി മോഹിച്ചോ, സ്വന്തം ഉദാരത പ്രകടമാക്കാനോ ഒക്കെയാകുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെ ആദരിക്കുന്നതും അവര്‍ക്ക് മഖ്ബറകള്‍ പണിയുന്നതും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചാവണം. ഔലിയാക്കള്‍ക്ക് ആളുകളുടെ ആദരവ് ആവശ്യമില്ല. അവര്‍ സ്വയം തന്നെ ആദരവാകുന്നു.
ഒരു വിളക്ക് ഉയരത്തില്‍ സ്ഥാപിക്കുന്നത് അതിനു വേണ്ടിയല്ല , മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. താഴെയായാലും മുകളിലായാലും വിളക്കിനെന്ത്? എവിടെയായാലും അത് വെളിച്ചം പൊഴിക്കും. പക്ഷേ, വിളക്ക് അതിന്റെ വെളിച്ചം ചുറ്റിലേക്കും പ്രസരിപ്പിക്കാനാഗ്രഹിക്കുന്നു. സൂര്യന്‍ ആകാശ ലോകങ്ങളുടെ ഉയരത്തിലായിരുന്നില്ലെങ്കിലും സൂര്യന്‍ തന്നെയായിരിക്കും. പക്ഷേ, ലോകമപ്പോള്‍ ഇരുട്ടിലായിപ്പോകുമെന്നു മാത്രം. അപ്പോള്‍ സൂര്യന്‍ അതിന്റെ ഉയരം പ്രാപിക്കുന്നത് സ്വന്തത്തിന് വേണ്ടിയല്ല, മറ്റുള്ളവരോടുള്ള സ്നേഹത്താലാകുന്നു. താഴെ, മേലെ തുടങ്ങിയ പരിഗണനകള്‍ക്കെല്ലാം അതീതരായിരിക്കുന്നു അല്ലാഹുവിന്റെ ഔലിയാക്കള്‍. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നുള്ള ഒരു മിന്നലാട്ടമുണ്ടാവുമ്പോഴേക്കും നിങ്ങളുടെ ഉ•ാദാവസ്ഥയൊന്നു നോക്കൂ. ആ ഒരൊറ്റ നിമിഷത്തേക്ക് നിങ്ങള്‍ ഗുരുത്വവും ശിഷ്യത്വവും പദവികളിലെ നിമ്നോന്നതികളുമെല്ലാം മറന്നു പോകുന്നു. എന്നല്ല, മറ്റെല്ലാറ്റിനെക്കാളും നിങ്ങളോടടുത്തുള്ള നിങ്ങളുടെ സ്വത്വത്തെ തന്നെ നിങ്ങള്‍ വിസ്മരിക്കുന്നു. പിന്നെ, പ്രകാശത്തിന്റെയും ദിവ്യജ്ഞാനത്തിന്റെയും കവാടങ്ങളായ ഔലിയാക്കളെങ്ങനെ നിമ്നോന്നതികളെ പരിഗണിക്കാനാണ്! ശിരസ്സും കാല്പാദങ്ങളുമുള്ള നമുക്കു മാത്രമേ ഈ പദവിയിലെ നിമ്നോന്നതികള്‍ ബാധകമാവുന്നുള്ളൂ.
മനുഷ്യര്‍ക്കോരോരുത്തര്‍ക്കും സ്വന്തമായ ഒരു പാടു ലക്ഷ്യങ്ങളുണ്ട്. അല്ലാഹുവിനാവട്ടെ അവന്റേതായ ലക്ഷ്യങ്ങളുമുണ്ട്. തന്റെ തിരുദൂതരുടെ ദീന്‍ ആദരിക്കപ്പെടണമെന്നും കാലദേശാതീതമായി വളരണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നു. ഖുര്‍ആനെക്കുറിച്ച് ഒരുപാടു വാല്യങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നു. സമഖ്ശരി തന്റെ കശ്ശാഫിലുടനീളം അലങ്കാരശാസ്ത്രത്തിന്റേയും വ്യാകരണത്തിന്റെയും നിഘണ്ടു നിര്‍മ്മാണശാസ്ത്രത്തിന്റെയും വിശദാംശങ്ങള്‍ നിറച്ചിരിക്കുന്നു , സ്വന്തം ജ്ഞാനപാടവം പ്രകടമാക്കാന്‍ വേണ്ടി. പക്ഷേ, അതു വഴി തന്റെ ദീനിനെ അഭിവൃദ്ധിപ്പെടുത്തുക എന്ന അല്ലാഹുവിന്റെ ലക്ഷ്യവും സാക്ഷാല്‍കൃതമാവുന്നുണ്ട്. ഇവ്വിധം അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹുവിന്റെ ലക്ഷ്യങ്ങളാണ് സാക്ഷാല്‍കൃതമാവുന്നത്.
സ്വന്തം ആനന്ദത്തിനും ആസ്വാദനത്തിനും വേണ്ടിയാണ് സ്ത്രീ-പുരുഷന്‍മാര്‍ ഇണചേരുന്നത്. പക്ഷേ, അതിന്റെ ഫലമോ, ഒരു കുഞ്ഞിന്റെ ജനനവും . ഇങ്ങനെ ഓരോ മനുഷ്യനും സ്വന്തം സുഖാനന്ദങ്ങള്‍ക്കു വേണ്ടി ഏര്‍പ്പെടുന്ന ഈ യത്നങ്ങള്‍ വഴി തന്നെയാണ് പ്രപഞ്ചത്തിന്റെ ക്രമം നിലനിര്‍ത്തപ്പെടുന്നത്. അങ്ങനെ , സോദ്ദേശ്യപരമല്ലെങ്കില്‍ക്കൂടി അല്ലാഹുവിന് ഇബാദത്ത് ചെയ്യുകയാണു മനുഷ്യന്‍.
അതുപോലെ, ജനങ്ങള്‍ പള്ളി പണിയുകയും ഒരുപാട് പണം ചെലവഴിച്ച് അവയുടെ ചുമരും വാതിലുകളും മോടികൂട്ടുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ആ ആദരവിന്റെയും മാഹാത്മ്യത്തിന്റെയും യഥാര്‍ത്ഥ തേട്ടം മക്കയാവുന്നു, അവരത് അറിയുന്നില്ലെങ്കിലും.
ആത്മജ്ഞാനികളെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെ മഹത്വം ഒന്നുമേയല്ല. അല്ലാഹുവാണെ, അവര്‍ക്ക് ഔന്നത്യവും മഹത്വവുമുണ്ട്. പക്ഷേ, അത് കാലദേശങ്ങള്‍ക്കതീതമാകുന്നു. നിങ്ങളൊരു വെള്ളി നാണയം മേല്‍ക്കൂരക്കുമേലും സ്വര്‍ണ്ണ നാണയം അതിനു താഴെയും വെച്ചുവെന്നിരിക്കട്ടെ, അപ്പോഴും സ്വര്‍ണം തന്നെയല്ലേ വെള്ളിയേക്കാള്‍ മേലെ? അതുപോലെ, ഉമി അരിപ്പയുടെ മുകളിലും ധാന്യം താഴെയുമാണ്. പക്ഷെ അതുകൊണ്ട് ഉമി ധാന്യത്തെക്കാള്‍ ‘മേലെ’ ആവില്ലല്ലോ. ധാന്യത്തിന്റെ മേ• ഇഹലോകത്തുള്ള അതിന്റെ സ്ഥാനത്തിലല്ല, മറിച്ച്, യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തുള്ള അതിന്റെ ഇടമനുസരിച്ചാകുന്നു.

പുരോഗമന ഇസ്‌ലാമും കേളത്തിലെ മുജാഹിദ് പ്രശ്‌നങ്ങളും


മലാലയുടെ ഓര്‍മകുറിപ്പ് മുപ്പത് ലക്ഷം ഡോളറിന് കരാറായി




പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്റെ തോക്കിനിരയായ മലാല യൂസുഫ് സായി ഓര്‍മകുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. പുസ്തക പ്രസാദകരുമായി മുപ്പത് ലക്ഷം ഡോളറിനാണ് ഇതിനായി കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഞാന്‍ മലാല എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
എനിക്ക് എന്റെ കഥ പറയണം. ആ കഥ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാകാത്ത 61 മില്യണ്‍ കുട്ടികളുടെ കൂടി കഥയായിരിക്കുമെന്ന് മലാല പറഞ്ഞു. പാക്കിസ്ഥാനിലെ സ്വാതില്‍ വെച്ച് 2012 ഒക്ടോബര്‍ 9നാണ് മലാലയെ താലിബാന്‍ വെടിവെച്ചത്. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട മലാലയും കുടുംബവും ബ്രിട്ടനിലെ ബെര്‍മിംഗ്ഹാമിലാണ് ഇപ്പോള്‍ താമസിക്കുന്നത്.